സഹതടവുകാരനോട് രഹസ്യം വെളിപ്പെടുത്തി; പോണേക്കര ഇരട്ടക്കൊലയിൽ റിപ്പർ ജയാനന്ദൻ അറസ്റ്റിൽ

17 വർഷം മുമ്പ് നടന്ന പോണേക്കര ഇരട്ടക്കൊലക്കേസിന് പിന്നിലും റിപ്പർ ജയാനന്ദനെന്ന് തെളിഞ്ഞു. . 2004ൽ എറണാകുളം ഇടപ്പള്ളി പോണേക്കരയിൽ വൃദ്ധദമ്പതികളെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. സഹതടവുകാരനോട് കൊലപാതകത്തെ കുറിച്ച് ജയാനന്ദൻ നടത്തിയ വെളിപ്പെടുത്തലാണ് അറസ്റ്റിന് വഴിവെച്ചത്.

2004 മേയ് 30ന് പോണേക്കരയിൽ എഴുപത്തിനാലുകാരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി ബലാത്സംഗം ചെയ്യുകയും അവരുടെ സഹോദരിയുടെ മകനെ കൊല്ലുകയും ചെയ്ത കേസിലാണ് പുതിയ വഴിത്തിരിവ്. നേരത്തെ ഇടപ്പള്ളി ഇരട്ടക്കൊലക്കേസിൽ ജയാനന്ദൻ കുറ്റസമ്മതം നടത്തിയിരുന്നു. എന്നാൽ, മതിയായ തെളിവുകൾ ശേഖരിക്കാൻ പൊലീസിനു സാധിക്കാതിരുന്നതിനാൽ അറസ്റ്റ് ചെയ്തിരുന്നില്ല.

Read more

ഏഴ് കൊലക്കേസ് സഹിതം നിരവധി കേസുകളിൽ പ്രതിയാണ് തൃശൂർ മാള സ്വദേശിയായ റിപ്പർ ജയാനന്ദൻ. സ്ത്രീകളെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മോഷണം നടത്തുക എന്നതായിരുന്നു ഇയാളുടെ പ്രവർത്തനരീതി. 14 കവർച്ചാ കേസുകളിലും ഇയാൾ പ്രതിയാണ്. പലതവണ ജയിൽ ചാടിയിട്ടുള്ള ഇയാൾ നിലവിൽ ജയിലിലാണ്. റിപ്പർ ജയാനന്ദനെ നേരത്തെ ഇതേ കേസിൽ പലവട്ടം ചോദ്യം ചെയ്തിരുന്നെങ്കിലും തെളിവ് ലഭിച്ചിരുന്നില്ലെന്ന് ക്രൈംബ്രാഞ്ച് എഡിജിപി എസ്. ശ്രീജിത്ത് കൊച്ചിയിൽ പറഞ്ഞു. നിലവിൽ ജയാനന്ദൻ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലാണെന്നും എഡിജിപി പറഞ്ഞു.