ചീഫ് സെക്രട്ടറി ജയിലില്‍ പോയാലും, ഫ്‌ളാറ്റ് പൊളിക്കാതെ നോക്കണമായിരുന്നു: മുന്‍ ചീഫ് ജസ്റ്റിസ്‌

മരടിലെ ഫ്‌ളാറ്റുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായുളള സര്‍ക്കാര്‍ നടപടികളെ വിമര്‍ശിച്ച് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ.ആര്‍. ഉദയഭാനു. ഇരുട്ടത്ത് ഫ്‌ളാറ്റുകളിലേക്കുള്ള വൈദ്യുതിയും, വെള്ളവും വിച്ഛേദിച്ചത് മനുഷ്യാവകാശ ലംഘനമാണ്. താമസക്കാരെ എലികളെ പോലെ പുകച്ച് പുറത്ത് ചാടിക്കാനുള്ള സര്‍ക്കാര്‍ നടപടി തികച്ചും മാന്യതയില്ലാത്തതാണെന്നും ഉദയഭാനു തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചു. ചീഫ് സെക്രട്ടറിയെ ജയിലില്‍ അയച്ചിട്ടായാല്‍ പോലും ബദല്‍മാര്‍ഗം തേടുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കേണ്ടിയിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മരടിലെ ഫ്‌ളാറ്റുകളിലേക്കുള്ള വെള്ളവും വൈദ്യുതിയും വിച്ഛേദിച്ച സര്‍ക്കാര്‍ നടപടി മനുഷ്യാവകാശ ലംഘനമാണ്. മനുഷ്യരെ എലികളെ പോലെ പുകച്ചു പുറത്തു ചാടിക്കുന്ന സര്‍ക്കാര്‍ നടപടി മാന്യതയല്ല. ചീഫ് സെക്രട്ടറിയെ ജയിലില്‍ അയച്ചിട്ടായാല്‍ പോലും ബദല്‍ മാര്‍ഗം തേടുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കേണ്ടിയിരുന്നു. ബദൽ വാസസ്ഥലങ്ങൾ നൽകാൻ കെട്ടിട നിർമ്മാതാക്കൾക്ക് സമ്മർദ്ദം ചെലുത്തേണ്ടതായിരുന്നു. സർക്കാറിന്റെ ഭാഗത്തു നിന്നുള്ള ഇത്തരം ശക്തമായ നടപടികൾ മരടിലെ ഇരകളെ രക്ഷിക്കുമായിരുന്നു എന്ന് എനിക്ക് തോന്നുന്നു.