സാമ്പത്തിക സംവരണം; പാവപ്പെട്ടവരുടെ ഐക്യമാണ് ലക്ഷ്യമിടുന്നതെന്ന് കോടിയേരി; 'സിപിഐഎം നിലപാട് സുവ്യക്തം'

ദേവസ്വം ബോര്‍ഡിലെ സംവരണത്തിലൂടെ പാവപ്പെട്ടവരുടെ ഐക്യമാണ് ലക്ഷ്യമിടുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംവരണം സംബന്ധിച്ച് സുവ്യക്ത നിലപാടാണ് സിപിഐ എമ്മിനുള്ളത്. ഇത് എന്‍എസ്എസിന്റെയോ എസ്എന്‍ഡിപിയുടെയോ നിലപാടല്ലെന്നും കോടിയേരി പറഞ്ഞു

നിലവിലുള്ള സംവരണരീതി നിലനിര്‍ത്തി മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് സംവരണം നല്‍കണമെന്നാണ് പാര്‍ടി നിലപാട്. മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ടിനെതിരെ ബിജെപി എതിര്‍പ്പുമായി വന്നു. എന്നാല്‍ സിപിഐ എം നടപ്പാക്കാന്‍ ആവശ്യപ്പെട്ടു. അങ്ങനെയാണ് 27 ശതമാനം സംവരണം പിന്നോക്കവിഭാഗങ്ങള്‍ക്കു ലഭിച്ചത്. 1990ല്‍ ഇതുസംബന്ധിച്ച ചര്‍ച്ചകളില്‍ പങ്കെടുത്ത് മുന്നോക്കക്കാരില്‍ സാമ്പത്തികമായി പിന്നോക്കംനില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കണമെന്ന് സിപിഐ എം പറഞ്ഞു. 1991ലെ തെരഞ്ഞെടുപ്പിലും ഇതേ നിലപാടാണ് സ്വീകരിച്ചതെന്നും കോടിയേരി വ്യക്തമാക്കി

ദേവസ്വം ബോര്‍ഡില്‍ ഇതുവരെ പിന്നോക്കവിഭാഗങ്ങള്‍ക്ക് സംവരണം ലഭിച്ചിരുന്നില്ല. സംവരണം ഇല്ലാത്ത മേഖലയില്‍ അത് കൊണ്ടുവരികയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. പിഎസ്സിവഴിയുള്ള നിയമനം നടപ്പാക്കിയപ്പോള്‍ മുസ്ലീം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കുള്ള 18 ശതമാനം സംവരണം ആര്‍ക്കു കൊടുക്കണമെന്നത് പരിഗണിച്ചു. ഇത് പൊതുവിഭാഗത്തിലേക്കു പോയാല്‍ പൊതുക്വോട്ട 68 ശതമാനമാകും. അതുകൊണ്ട് പിന്നോക്കസമുദായത്തിനകത്ത് സംവരണതോത് ഉയര്‍ത്താന്‍ തീരുമാനിച്ചതെന്നും കോടിയേരി പറഞ്ഞു.