പുനഃസംഘടന നിര്‍ത്തിവെച്ചിട്ടില്ല: കെ.സുധാകരന്‍

കെപിസിസി പുനഃസംഘടന നിര്‍ത്തിവെച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. പുനഃസംഘടന നിര്‍ത്തിവെച്ചു എന്ന പേരില്‍ കഴിഞ്ഞ ദിവസം പ്രചരിച്ചത് തെറ്റായ വാര്‍ത്തയാണ്. എന്ത് ആധികാരികതയുടെ അടിസ്ഥാനത്തിലാണ് മാധ്യമങ്ങള്‍ അത്തരമൊരു വാര്‍ത്ത നല്‍കിയതെന്നും അദ്ദേഹം ചോദിച്ചു. കെപിസിസിയുടെ ഔദ്യോഗിക കാര്യങ്ങള്‍ മാധ്യമങ്ങളെ അറിയിക്കുന്നത് കെപിസിസി പ്രസിഡന്റോ അല്ലെങ്കില്‍ ആ ചുമതല ഏല്‍പ്പിച്ചിട്ടുള്ള മറ്റ് വക്താക്കളോ ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം ലോ കോളജില്‍ കെഎസ്യു പ്രവര്‍ത്തകയ്ക്ക് നേരെയുണ്ടായത് കിരാത ആക്രമണം ആണെന്നും കെ സുധാകരന്‍ പറഞ്ഞു. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വനിതാ നേതാവിനെ വലിച്ചിഴച്ചപ്പോള്‍ പൊലീസ് നോക്കി നില്‍ക്കുകയായിരുന്നു എന്നും ഇങ്ങനെയാണെങ്കില്‍ എസ്.എഫ്.ഐയ്‌ക്കെതിരെ ആത്മരക്ഷാര്‍ഥം സംഘടിക്കേണ്ടിവരും. അത് ഗുരുതര സാഹചര്യം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇടുക്കിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ രക്തസാക്ഷിത്വത്തിന്റെ ഉത്തരവാദികള്‍ ഗുണ്ടായിസവുമായി നടക്കുന്ന എസ്എഫ്‌ഐയും ഡിവൈഎഫ്ഐയുമാണ്. എസ്എഫ്‌ഐയുടെ കിരാത മര്‍ദ്ദനമേല്‍ക്കാത്ത ഒരു കോളജും കേരളത്തില്‍ ഇല്ല. എല്ലായിടത്തും അവര്‍ക്ക് സംരക്ഷണം നല്‍കുന്നത് പൊലീസാണെന്നും ആക്രമണങ്ങള്‍ക്ക് പൊലീസ് മൂകസാക്ഷിയാകുന്നത് കേരളത്തിന്റെ ശാപമാണെന്നും സുധാകരന്‍ വിമര്‍ശിച്ചു.