വിഡി സതീശന്റെ ആരോപണം തള്ളുന്നു; ഇപി ജയരാജനെ ഒരിക്കല്‍പോലും കണ്ടിട്ടില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനുമായി ബിസിനസ് ബന്ധമുണ്ടെന്ന ആരോപണം തള്ളി എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍. ഇപി ജയരാജനെ ഒരിക്കല്‍പോലും കണ്ടിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണം തള്ളുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

താന്‍ വികസന അജണ്ടയ്ക്ക് മുന്‍തൂക്കം നല്‍കുന്നുവെന്നും ആരോപണങ്ങള്‍ക്ക് പിറകേ പോകാന്‍ സമയമില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു. രാജീവ് ചന്ദ്രശേഖറും ഇപി ജയരാജനും തമ്മില്‍ ബിസിനസ് ബന്ധമുണ്ടെന്നായിരുന്നു വിഡി സതീശന്റെ ആരോപണം. പ്രതിപക്ഷ നേതാവിന്റെ ആരോപണം തള്ളി ഇപി ജയരാജനും രംഗത്തെത്തിയിരുന്നു.

Read more

തനിക്ക് രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ഉണ്ടെങ്കില്‍ അത് മുഴുവന്‍ സതീശന് നല്‍കാന്‍ തയ്യാറാണ്. മുദ്ര പത്രങ്ങളുമായി വന്നാല്‍ എല്ലാം സതീശന് എഴുതിക്കൊടുക്കാം. രാജീവ് ചന്ദ്രശേഖറെ അടുത്ത് കണ്ടിട്ടില്ല. പത്രത്തില്‍ പടത്തില്‍ കണ്ടത് മാത്രമാണ്. ഫോണിലൂടെയും സംസാരിച്ചിട്ടില്ലെന്നും ഇപി പറഞ്ഞു.