രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സം​ഗ കേസ്; പരാതിക്കാരിയെ ഹൈക്കോടതി കക്ഷി ചേർത്തു, രാഹുലിന്റെ അറസ്റ്റ് തടഞ്ഞ നടപടി നീട്ടി

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സം​ഗ കേസിൽ പരാതിക്കാരിയായ യുവതിയെ കക്ഷി ചേർത്ത് ഹൈക്കോടതി. കേസിൽ കക്ഷി ചേ‍രാൻ പരാതിക്കാരി അപേകേഷ നൽകിയിരുന്നു. അതേസമയം രാഹുലിന്റെ അറസ്റ്റ് തടഞ്ഞ നടപടി ഹൈക്കോടതി നീട്ടി. ഈമാസം 21 വരെയാണ് നീട്ടിയത്.

രാഹുലിന് ജാമ്യം നൽകുന്നത് തന്‍റെ ജീവന് ഭീഷണി എന്ന് പരാതിക്കാരി കോടതിയെ അറിയിച്ചു. വിശദമായ സത്യവാങ്മൂലം നൽകാൻ കോടതി നിർദേശിച്ചു. മുൻകൂർ ജാമ്യ ഹ‍ർജി ഇന്ന് കോടതി പരിഗണിക്കാനിരിക്കെയാണ് പരാതിക്കാരിയും കേസിൽ കക്ഷി ചേ‍രാൻ അപേകേഷ നൽകിയത്. രാഹുലിന്‍റെ ഹ‍ർജിയിൽ തീരുമാനമെടുക്കുന്നതിന് മുൻപ് തന്‍റെ ഭാഗം കൂടി കേൾക്കണമെന്നായിരുന്നു ആവശ്യം. ഈ ആവശ്യം പരിഗണിച്ചാണ് ജസ്റ്റിസ് എ ബദറുദ്ദീൻ പരാതിക്കാരിയെ കക്ഷി ചേർത്ത് വിശദമായ സത്യവാങ്മൂലം നൽകാൻ നിർ‍ദ്ദേശിച്ചത്.

തിരുവനന്തപുരത്ത് താമസിക്കുന്ന യുവതിയെ ബലാത്സംഗം ചെയതെന്നും നിർബന്ധിച്ച് ഗ‍ർഭഛിദ്രം നടത്തിയെന്നുമാണ് രാഹുലിനെതിരായ കേസ്. പരാതിക്കാരിയുമായി തനിക്ക് ഉഭയകക്ഷി സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം മാത്രമാണ് ഉണ്ടായിരുന്നതെന്നും പരാതിക്ക് പിന്നിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്നും ചൂണ്ടിക്കാണിച്ച് രാഹുൽ കോടതിയെ സമീപിച്ചു. ഒളിവിലായിരുന്ന രാഹുൽ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയിൽ ജാമ്യത്തിനായി ശ്രമിച്ചെങ്കിലും കോടതി മുൻ‌കൂർ ജാമ്യം നിഷേധിച്ചു. തുടർന്ന് രാഹുൽ ഹൈക്കോടതി സമീപിച്ചു. പിന്നാലെ രാഹുലിന്റെ അറസ്റ്റ് തടഞ്ഞ് കോടതി ഉത്തരവിട്ടു.