പിണറായിയുടെ തുടര്‍ഭരണം ബി.ജെ.പിയുടെ വോട്ട് കൊണ്ട്; ശ്രീ എമ്മിന്റെ നേതൃത്വത്തില്‍ നടന്നത് വോട്ട് കച്ചവടം; ആരോപണങ്ങളുമായി ചെന്നിത്തല

സിപിഎം തുടര്‍ഭരണം നേടിയത് ബിജെപിയുടെ വോട്ടുകൊണ്ടാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല്. ശ്രീ എമ്മിന്റെ നേതൃത്വത്തിലാണ് സിപിഎമ്മും ആര്‍എസ്എസും തമ്മില്‍ വോട്ടുകച്ചവടം നടന്നത്. ഈ കച്ചവടം മറച്ചുവയ്ക്കാനാണ് മുഖ്യമന്ത്രി യുഡിഎഫിനെതിരെ ആരോപണം ഉന്നയിക്കുന്നത്. ജമാഅത്തെ ഇസ്ലാമി- ആര്‍എസ്എസ് ചര്‍ച്ചയില്‍ യുഡിഎഫിനെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായിയ്ക്ക് മറുപടിയായാണ് അദേഹം ഇക്കാര്യം പറഞ്ഞത്.

ആര്‍എസ്എസും സിപിഎമ്മും തമ്മില്‍ എന്ത് ചര്‍ച്ചയാണ് നടത്തിയത്? കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ നാല് ശതമാനം വോട്ട് എങ്ങനെ സിപിഎമ്മിനു കിട്ടി? ഇത് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് അദേഹം ആവശ്യപ്പെട്ടു. പതിനാല് ശതമാനമുണ്ടായിരുന്ന ബിജെപിയുടെ വോട്ട് പത്തുശതമാനമായി കുറഞ്ഞു. യുഡിഎഫിന് നാല്‍പ്പത് ശതമാനം വോട്ട് കിട്ടിയപ്പോള്‍ സിപിഎമ്മിന് 44 ശതമാനം കിട്ടി. ആ നാല് ശതമാനം വോട്ട് ബിജെപിയുടേതാണ്. സിപിഎം- ആര്‍എസ്എസ് ചര്‍ച്ചയ്ക്ക് നേതൃത്വം കൊടുത്തത് പിണറായി വിജയനാണ്. മധ്യസ്ഥന്‍ ശ്രീഎമ്മായിരുന്നു. എമ്മിന്റെ മധ്യസ്ഥതയിലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് മറിച്ചതെന്നും അദേഹം ആരോപിച്ചു.