'രാം കെ നാം' ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും; ഡിവൈഎഫ്‌ഐ കാവല്‍ നില്‍ക്കും; തടയാന്‍ ചുണയുള്ള സംഘ് പ്രചാരകര്‍ക്ക് സ്വാഗതമെന്ന് ജയ്ക് സി തോമസ്

‘രാം കെ നാം’ ഡോക്യുമെന്ററി എവിടെയും പ്രദര്‍ശിപ്പിക്കുമെന്ന് ഡിവൈഎഫ്‌ഐ നേതാവ് ജെയ്ക് സി തോമസ്. ഡോക്യുമെന്ററി പ്രദര്‍ശനവുമായി ബന്ധപ്പെട്ട് തെക്കുംതല കെ.ആര്‍.നാരായണന്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സ് വിദ്യാര്‍ത്ഥികളും ബിജെപി പ്രവര്‍ത്തകരും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദേഹം.

രാം കെ നാം എവിടെയും പ്രദര്‍ശിപ്പിക്കും. കെ.ആര്‍.നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുന്നിലും അത് പ്രദര്‍ശിപ്പിക്കും. ഡി.വൈ.എഫ്.ഐയുടെ പതാകകള്‍ അതിന് കാവല്‍ നില്ക്കും. സ്ഥലവും അറിയിപ്പും പറഞ്ഞ സ്ഥിതിക്ക്, തടയാന്‍ ചുണയുള്ള സംഘ് പ്രചാരകര്‍ക്ക് സ്വാഗതമെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

പള്ളിക്കത്തോട്ടിലെ ഇന്‍സ്റ്റിറ്റ്യൂട്ടിനു പുറത്ത് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ ഇന്നലെ അധികൃതരോട് വിദ്യാര്‍ഥികള്‍ അനുമതി തേടിയിരുന്നു. എന്നാല്‍, ക്യാമ്പസിന് പുറത്ത് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കേണ്ടന്ന നിലപാടാണ് അധികൃതര്‍ സ്വീകരിച്ചത്. അനുമതി ലഭിക്കാതെ വന്നതോടെ വിദ്യാര്‍ഥികള്‍ ക്യാമ്പസിന് പുറത്ത് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ ശ്രമിച്ചത് ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.

Read more

പള്ളിക്കത്തോട് പോലീസ് സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കി. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ കാമ്പസിന് അകത്ത് ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു.