ഇടുക്കിയിൽ നാലിടത്ത് ഉരുൾപൊട്ടൽ, വാഗമണ്ണിൽ നിർത്തിയിട്ട കാർ ഒലിച്ചുപോയി ഒരു മരണം; സംസ്ഥാനത്ത് അതീവ ജാഗ്രതാനിർദേശം

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് വ്യാപക നാശനഷ്ടം. ഇന്നലെ റെഡ് അലർട്ട് പ്രഖ്യാപിച്ച ഇടുക്കിയിൽ നാലിടത്താണ് ഉരുൾപൊട്ടിയത്. പീരുമേട്ടിൽ മൂന്നിടത്തും, മേലെ ചിന്നാറിലുമാണ് ഉരുൾപൊട്ടലുണ്ടായത്. വാഗമൺ നല്ലതണ്ണി പാലത്തിന് സമീപം നിർത്തിയിട്ടിരുന്ന കാർ വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി ഒരാൾ മരിച്ചു. നല്ലതണ്ണി സ്വദേശി മാർട്ടിനെയാണ് കാണാതായത്. അനീഷ് എന്നയാൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. പീരുമേട്, വണ്ടിപ്പെരിയാർ, ഏലപ്പാറ തുടങ്ങിയ സ്ഥലങ്ങളിൽ നിരവധി വീടുകളിലാണ് വെള്ളം കയറിയത്. ഇവിടെയുള്ള അപകടസാദ്ധ്യതാ മേഖലയിലെ ആളുകളെയെല്ലാം മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

മലയോര മേഖലയിൽ മണ്ണിടിച്ചിലിനും വെള്ളപ്പാച്ചിലിനും സാദ്ധ്യത കണക്കിലെടുത്ത് രാത്രി ഏഴു മുതൽ രാവിലെ ആറു വരെ ഇടുക്കി ജില്ലയിൽ ഗതാഗതം നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടിട്ടുണ്ട്. ജലനിരപ്പ് ഉയർന്നതോടെ നെടുങ്കണ്ടം കല്ലാർ ഡാമും തുറന്നു. മേലേചിന്നാർ, തൂവൽ, പെരിഞ്ചാംകുട്ടി മേഖലകളിലെ പുഴയോരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മഴ ശക്തമായ സാഹചര്യത്തിൽ ഇടുക്കി കല്ലാർകുട്ടി, ലോവർ പെരിയാർ ഡാമുകളുടെ എല്ലാ ഷട്ടറുകളും തുറന്നു. 800 ക്യുമെക്സ് വീതം വെള്ളം പുറത്തു വിടുമെന്ന് അധികൃതർ അറിയിച്ചു. മുതിരപ്പുഴയാർ, പെരിയാർ എന്നിവയുടെ കരകളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പൊൻമുടി ഡാമിന്‍റെ മൂന്നു ഷട്ടറുകൾ ഇന്ന് രാവിലെ 10 മണിക്ക് 30 സെന്‍റീമീറ്റർ വീതം ഉയർത്തി 65 ക്യുമെക്സ് വെള്ളം പന്നിയാർ പുഴയിലേക്ക് തുറന്നു വിടുമെന്നും, പ്രദേശവാസികൾ ജാഗ്രത പുലർത്തണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

മൂന്നാറിൽ കനത്ത മഴയാണ്. മൂന്നാർ ഗ്യാപ് റോഡിൽ ഇന്നലെ രാവിലെ വീണ്ടും മണ്ണിടിച്ചിലുണ്ടായിരുന്നു. നേരത്തെ മലയിടിഞ്ഞതിന് സമാനമായിട്ടാണ് ഇത്തവണയും മണ്ണിടിച്ചിൽ ഉണ്ടായിരിക്കുന്നത്. ഈ ഗ്യാപ് റോഡിലൂടെയുള്ള ഗതാഗതം നേരത്തെ നിരോധിച്ചിരുന്നു. ഇക്കാനഗറിൽ അഞ്ച് വീടുകളിൽ വെള്ളം കയറി. ഈ കുടുംബങ്ങളെയെല്ലാം ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. മുതിരപ്പുഴയാറിൽ ജലനിരപ്പ് ഉയരുന്നതിൽ നാട്ടുകാർ ആശങ്ക രേഖപ്പെടുത്തുന്നുമുണ്ട്. മൂന്നാർ – ഉദുമൽപേട്ട അന്തർസംസ്ഥാന പാതയിലെ പെരിയവര താത്കാലിക പാലം ഒലിച്ചുപോയി. ഈ വഴിയുള്ള ചരക്ക് ഗതാഗതം നിലച്ചു. രാജാക്കാട്, രാജകുമാരി, മാങ്കുളം മേഖലകളിൽ മൂന്ന് ദിവസമായി വൈദ്യുത ബന്ധം പുനഃസ്ഥാപിക്കാനായിട്ടില്ല. മൂന്നാർ ഹെഡ് വർക്സ് ഡാമിന്‍റെ രണ്ടാമത്തെ ഷട്ടറും തുറന്നിട്ടുണ്ട്.

ജലനിരപ്പ് ഉയർന്നെങ്കിലും ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകൾ സംബന്ധിച്ച് നിലവിൽ ആശങ്ക വേണ്ട എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

അതേസമയം. കനത്ത മഴയില്‍ തിരുവനന്തപുരം ജില്ലയില്‍ വ്യാപക നാശനഷ്ടമുണ്ടായി. 47 വീടുകള്‍ ഭാഗികമായും രണ്ടു വീടുകള്‍ പൂര്‍ണമായും തകര്‍ന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു. നെടുമങ്ങാട് താലൂക്കിലെ ഉഴമലയ്ക്കല്‍ വില്ലേജില്‍ മരം വീണ് ഒരു മരണമുണ്ട്. ഇന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ പൂന്തുറ ചേരിയമുട്ടത്ത് ഇരുപതോളം വീടുകളില്‍ വെള്ളം കയറി. ഇവിടെ നിന്നും അഞ്ച് കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചതായും ജില്ലാ ഭരണകൂടം അറിയിച്ചു.

അരുവിക്കര ഡാമിന്റെ രണ്ടാമത്തെ ഷട്ടര്‍ നിലവില്‍ 40 സെന്റീ മീറ്ററും മൂന്നാമത്തെ ഷട്ടര്‍ 50 സെന്റീമീറ്ററും നാലാമത്തെ ഷട്ടര്‍ 50 സെന്റീമീറ്ററും ഉയര്‍ത്തിയിട്ടുണ്ട്.

പത്തനംതിട്ട ജില്ലയുടെ മലയോര മേഖലയില്‍ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മൂഴിയാര്‍ ഡാമിന്റെ 3 ഷട്ടറുകള്‍ 30 സെന്റീ മീറ്റര്‍ വീതം ഉയര്‍ത്തും. 51.36 ക്യൂമെന്റ് നിരക്കില്‍ ജലം കക്കാട്ട് ആറിലേക്ക് ഒഴുക്കി വിടുന്നതാണ്.

പമ്പാനദിയുടെ തീരപ്രദേശങ്ങളായ ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റി, ചെറുതന, മാന്നാര്‍ തിരുവന്‍വണ്ടൂര്‍, പാണ്ടനാട്, എടത്വാ, ചെന്നിത്തല തൃപ്പെരുന്തുറ, വീയപുരം, കുമാരപുരം നിവാസികളും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തേണ്ടതും നദികളില്‍ ഇറങ്ങുന്നത് ഒഴിവാക്കേണ്ടതുമാണെന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍ അറിയിച്ചു.