രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രസംഗം ഷെയര്‍ ചെയ്തു; സീനിയര്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പ്രസംഗം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രസംഗം ഷെയര്‍ ചെയ്ത സംഭവത്തിലാണ് കണ്ണൂരില്‍ നടപടിയുണ്ടായത്. കണ്ണൂര്‍ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പ്രിന്‍സിനെതിരെയാണ് അന്വേഷണം.

സംസ്ഥാന പൊലീസിന്റെ പെരുമാറ്റ ചട്ടം ലംഘിച്ചെന്നാണ് സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പ്രിന്‍സിനെതിരെയുള്ള ജില്ലാ പൊലീസ് മേധാവിയുടെ കണ്ടെത്തല്‍. ഇതേ തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചെറുപുഴ സിഐയ്ക്ക് ജില്ലാ പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Read more

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രസംഗം ഷെയര്‍ ചെയ്ത സംഭവത്തില്‍ പ്രിന്‍സിന് ഒരാഴ്ചയ്ക്കുള്ളില്‍ കുറ്റാരോപണ മെമ്മോ നല്‍കണമെന്നും ജില്ലാ പൊലീസ് മേധാവി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അന്വേഷണത്തിന് ശേഷം സീനിയര്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ തുടര്‍ നടപടികള്‍ ഉണ്ടായേക്കും.