അഞ്ചരക്കണ്ടി കണ്ണൂര്‍ ഡെന്റല്‍ കോളേജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ഡോ. കെ. റാമിനെ കോളേജില്‍നിന്ന് പുറത്താക്കും. ചൊവ്വാഴ്ച ചേര്‍ന്ന കോളേജ് മാനേജ്‌മെന്റിന്റെ യോഗത്തിലാണ് ഡോ. റാമിനെ സ്ഥാപനത്തില്‍നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത്. അതേസമയം, ഇക്കാര്യം കോളേജ് മാനേജ്‌മെന്റ് ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
കണ്ണൂര്‍ ഡെന്റല്‍ കോളേജിലെ അധ്യാപകനും ഓറല്‍ പതോളജി വിഭാഗം മേധാവിയുമാണ് ഡോ. കെ. റാം. നിതിന്‍ രാജിന്റെ ആത്മഹത്യയ്ക്ക് മുന്‍പും ഇയാള്‍ക്കെതിരേ നിരവധി പരാതികളുയര്‍ന്നിരുന്നു. നിതിന്‍ രാജിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ കൂടുതല്‍ വിദ്യാര്‍ഥികള്‍ റാമിനെതിരേ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് റാമിനെ സ്ഥാപനത്തില്‍നിന്ന് സ്ഥിരമായി പുറത്താക്കാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചത്.
നിതിന്‍ രാജിന്റെ മരണത്തില്‍ ഡോ. റാമിനൊപ്പം ആരോപണവിധേയയായ ഡോ. സംഗീത നമ്പ്യാര്‍ക്കെതിരേ അന്വേഷണത്തിനുശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിച്ചാല്‍ മതിയെന്നും മാനേജ്‌മെന്റ് യോഗത്തില്‍ ധാരണയായിട്ടുണ്ട്. ഡോ. റാമും ഡോ. സംഗീത നമ്പ്യാരും നിലവില്‍ സസ്‌പെന്‍ഷനിലാണ്.
ഡെന്റല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ ലോണ്‍ ആപ്പിന്റെ ഭീഷണിയുമുണ്ടായിരുന്നു എന്നതിന് കൂടുതല്‍ തെളിവുകള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്. ഏപ്രില്‍ 9 ന് നിതിന്റെ ഫോണിലേക്ക് 98 സന്ദേശങ്ങള്‍ വന്നു. ഫോണ്‍ കോളുകളും വാട്‌സാപ് മെസേജുകളും ഉള്‍പ്പെടെയാണിത്. ‘ഇന്‍സ്റ്റ പേ’ എന്ന ആപ്പില്‍ നിന്നാണ് ഭീഷണി സന്ദേശം വന്നത്. നിതിന്‍ രാജിന്റെ അധ്യാപികയ്ക്കും ആപ്പില്‍ നിന്ന് സന്ദേശം എത്തി. അധ്യാപകയ്ക്ക് നിരന്തരം കോളുകളും മെസേജുകളും വന്നതോെടയാണ് പ്രിന്‍സിപ്പലിനെ അറിയിച്ചത്. അധ്യാപിക പരാതി നല്‍കുമെന്ന നിലപാടിലായിരുന്നു.
Read more
പ്രിന്‍സിപ്പല്‍ വെള്ളിയാഴ്ച നിതിനെ ഓഫിസിലേക്ക് വിളിപ്പിച്ചു. ലോണ്‍ ആപ്പിലേക്ക് അധ്യാപികയുടെ നമ്പര്‍ റജിസ്റ്റര്‍ ചെയ്തത് താനല്ല എന്നായിരുന്നു നിതിന്‍ പറഞ്ഞത്. എന്നാല്‍ നിതിന്‍ തന്നെയാണ് നമ്പര്‍ റജിസ്റ്റര്‍ ചെയ്തതെന്ന് കണ്ടെത്തിയെന്നാണ് കോളജ് അധികൃതര്‍ നല്‍കുന്ന വിവരം. പ്രിന്‍സിപ്പലും മറ്റൊരു അധ്യാപകനുമായിരുന്നു ഓഫിസിലുണ്ടായിരുന്നത് എന്നാണ് അറിയുന്നത്. പ്രിന്‍സിപ്പല്‍ ഫോണ്‍ പിടിച്ചുവച്ചു. തുടര്‍ന്ന് നിതിന്‍ ഓഫിസില്‍ നിന്ന് പുറത്തേക്ക് വന്നത് വളരെ വിഷമത്തോടെയാണ് എന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണെന്ന് പൊലീസ് അറിയിച്ചു.







