ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി ഗംഭീര സെഞ്ച്വറി നേടിയതിന് പിന്നാലെ സഞ്ജു സാംസണെ തേടി ഐസിസി പുരസ്‌കാരവും. മാര്‍ച്ച് മാസത്തിലെ ഏറ്റവും മികച്ച പുരുഷ താരത്തിനുള്ള പ്ലേയര്‍ ഓഫ് ദ് മന്ത് പുരസ്‌കാരമാണ് സഞ്ജു സ്വന്തമാക്കിയത്. ട്വന്റി20 ലോകകപ്പിലെ മിന്നുംപ്രകടനത്തിനാണ് പുരസ്‌കാരം. ഇതാദ്യമായാണ് സഞ്ജുവിനു ഐസിസി പുരസ്‌കാരം ലഭിക്കുന്നത്. ചുരുക്കപ്പട്ടികയിലുണ്ടായിരുന്ന മറ്റൊരു ഇന്ത്യന്‍ താരം ജസ്പ്രീത് ബുമ്രയെ മറികടന്നാണ് സഞ്ജുവിന്റെ നേട്ടം.
ടി20 ലോകകപ്പില്‍ ഇന്ത്യ കിരീടം നിലനിര്‍ത്തിയപ്പോള്‍ പുറത്തെടുത്ത വിസ്മയിപ്പിക്കുന്ന പ്രകടനമാണ് സഞ്ജുവിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഫൈനലില്‍ കളിയിലെ താരമായ സഹതാരം ജസ്പ്രീത് ബുംറയെയും ദക്ഷിണാഫ്രിക്കയുടെ യുവതാരം കോണര്‍ എസ്റ്റര്‍ഹൂയിസനെയും പിന്തള്ളിയാണ് സഞ്ജുവിന്റെ നേട്ടം. സഞ്ജുവിനൊപ്പം, വിവിധ ഫോര്‍മാറ്റുകളിലുടനീളമുള്ള സ്ഥിരതയാര്‍ന്ന പ്രകടനത്തിന് ന്യൂസീലന്‍ഡ് ഓള്‍റൗണ്ടര്‍ മെലി കെര്‍ വനിതാ വിഭാഗത്തില്‍ പുരസ്‌കാരം നേടി.
ട്വന്റി20 ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദ് ടൂര്‍ണമെന്റായിരുന്നു സഞ്ജു സാംസണ്‍. കൊല്‍ക്കത്തയില്‍ നടന്ന അവസാന സൂപ്പര്‍ 8 മത്സരത്തില്‍ വെസ്റ്റീന്‍ഡീസിനെതിരെ സഞ്ജു പുറത്താകാതെ 97 റണ്‍സ് നേടി. തുടര്‍ന്ന് മുംബൈയില്‍ ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലില്‍ 89 റണ്‍സും അഹമ്മദാബാദില്‍ ന്യൂസീലന്‍ഡിനെതിരായ ഫൈനലില്‍ 89 റണ്‍സും നേടി.
”ഐസിസി പ്ലെയര്‍ ഓഫ് ദി മന്ത് പുരസ്‌കാരം നേടുക എന്നത് അവിശ്വസനീയമായ ഒരു വികാരമാണ്, പ്രത്യേകിച്ച് എന്റെ ക്രിക്കറ്റ് ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ ഘട്ടത്തില്‍ ഇത് ലഭിക്കുമ്പോള്‍. ട്വന്റി20 ലോകകപ്പിലെ ഇന്ത്യയുടെ വിജയത്തില്‍ പങ്കാളിയാകാന്‍ കഴിഞ്ഞത് സത്യത്തില്‍ ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു.
Read more
നിലവില്‍ ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി കളിക്കുന്ന സഞ്ജു കഴിഞ്ഞ മത്സരത്തില്‍ സെഞ്ചറി നേടി ടീമിനെ ഈ സീസണിലെ ആദ്യ വിജയത്തിലെത്തിച്ചിരുന്നു. ഇന്നു കൊല്‍ക്കത്തെയ്‌ക്കെതിരെയാണ് സഞ്ജുവിന്റെ അടുത്ത മത്സരം. സഞ്ജു ഐപിഎലില്‍ അരങ്ങേറ്റം കുറിച്ചിട്ട് ഇന്നു 13 വര്‍ഷം തികയുകയാണ്. 2013 ഏപ്രില്‍ 14ന്, പഞ്ചാബിനെതിരെ രാജസ്ഥാന്‍ ജഴ്‌സിയിലാണ് സഞ്ജു ഐപിഎലില്‍ അരങ്ങേറിയത്. ഐപിഎലിലെ 13ാം അരങ്ങേറ്റ വാര്‍ഷികദിനത്തിലാണ് സഞ്ജു സാംസണെ തേടി ഐസിസി അംഗീകാരമെന്നതും മധുരം ഇരട്ടിപ്പിക്കും.







