ഹൈദരാബാദ് ഏകദിനം, മാമനോടൊന്നും തോന്നല്ലേ മക്കളേ: രാഹുല്‍ മാങ്കൂട്ടത്തില്‍

ഇന്നലെ നടന്ന ഇന്ത്യ – ന്യൂസിലാന്‍ഡ് ആദ്യ ഏകദിനത്തിലെ നിറഞ്ഞ ഗാലറിയുടെ ചിത്രം പങ്കുവച്ച് കായിക മന്ത്രി വി അബ്ദുറഹ്‌മാനെ ട്രോളി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍.
ഇന്ന് നടന്ന ഹൈദരാബാദ് ഏകദിനം …മാമനോടൊന്നും തോന്നല്ലേ മക്കളെ എന്നായിരുന്നു അദ്ദേഹം തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

കാര്യവട്ടത്ത് ഇന്ത്യ-ശ്രീലങ്ക ഏകദിനത്തിന് തൊട്ടുമുമ്പ് ടിക്കറ്റ് നിരക്കിലെ വന്‍ വര്‍ദ്ധന ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ വരേണ്ടെന്നായിരുന്നു കായിക മന്ത്രി വി അബ്ദുറഹ്‌മാന്റെ പ്രതികരണം. വ്യാപകമായ വിമര്‍ശമാണ് ഇതിനെതിരെ ഉയര്‍ന്നത്.

കാര്യവട്ടത്ത് കളി കാണാന്‍ ബി സി സി ഐ നിശ്ചയിച്ചിരിക്കുന്ന ടിക്കറ്റ് നിരക്ക് അപ്പര്‍ ടയറിന് 1000 രൂപയും ലോവര്‍ ടയറിന് 2000 രൂപയുമായിരുന്നു്. 18 ശതമാനം ജി എസ് ടിയും കോര്‍പ്പറേഷന്റെ 12 ശതമാനം വിനോദ നികുതിയും ബുക്കിംഗ് ചാര്‍ജും കൂടിയാകുമ്പോള്‍ കുറഞ്ഞ ടിക്കറ്റ് നിരക്ക് 1445 രൂപയായും ലോവര്‍ ടയര്‍ നിരക്ക് 2860 രൂപയായും ഉയര്‍ന്നു. കഴിഞ്ഞ തവണത്തെ അഞ്ച് ശതമാനം വിനോദ നികുതി 12 ശതമാനമായി ഉയര്‍ത്തിയതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍, പട്ടിണി കിടക്കുന്നവര്‍ കളികാണാന്‍ വരേണ്ടെന്നാണ് കായിക മന്ത്രി വി അബ്ദുറഹിമാന്‍ ഇതിനു മറുപടി നല്‍കിയത്.

ഇതോടെ കേരളത്തിന് ഇനിയൊരു അന്താരാഷ്ട്ര മത്സരം കിട്ടിയേക്കുമോ എന്നുപോലും പലരും സശയം പ്രകടിപ്പിച്ചു. ഇടതുമുന്നണിയിലെ നേതാക്കള്‍ പോലും മന്ത്രിയുടെ പ്രസ്താവനയെ നിശിതമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.