"ഏതെങ്കിലും സീരിയലിലെ ദുഷ്ടകഥാപാത്രമായ 'അമ്മായിയമ്മ' അല്ല": എം.സി ജോസഫൈനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തില്‍‍

ഗാർഹിക പീഡനം നേരിടുന്ന പരാതിക്കാരിയോട് വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം സി ജോസഫൈന്റെ മോശം പെരുമാറ്റത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരിക്കുകയാണ്. അതേസമയം സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തില്‍‍. “ഏതെങ്കിലും സീരിയലിലെ ദുഷ്ട കഥാപാത്രമായ “അമ്മായിയമ്മ” അല്ല, സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷയായ സഖാവ് എം.സി ജോസഫൈനാണ്…” എന്നാണ് രാഹുൽ മാങ്കൂട്ടത്തില്‍‍ പരിഹാസരൂപേണ ഫേയ്സ്ബുക്കിൽ കുറിച്ചത്.

സ്ത്രീധന-ഗാർഹിക പീഡനം നേരിടുന്ന സ്ത്രീകൾക്ക് വനിതാ കമ്മീഷനിലേക്ക് പരാതി നൽകാനും, അവരുടെ സംശയങ്ങൾ തീർക്കാനുമായി ഫോണിലൂടെ സംവദിക്കാൻ അവസരമൊരുക്കി മനോരമ ചാനൽ നടത്തിയ പരിപാടിയിലെ ജോസഫൈന്റെ പെരുമാറ്റമാണ് വിവാദമായിരിക്കുന്നത്. പരാതി പറഞ്ഞ സ്ത്രീയോട് എം.സി ജോസഫൈൻ സഹാനുഭൂതി പ്രകടിപ്പിക്കാതെ ധാർഷ്ട്യത്തോടെ പെരുമാറുകയായിരുന്നു.

Read more

പരാതിക്കാരിയുടെ ഫോൺ സംഭാഷണം വ്യക്തമാകുന്നില്ല എന്ന രീതിയിൽ എം.സി ജോസഫൈൻ ആദ്യം അസഹിഷ്ണുത പ്രകടിപ്പിക്കുന്നുണ്ട്. 2014 ലാണ് തന്റെ കല്യാണം കഴിഞ്ഞത് എന്നും കുട്ടികളില്ലെന്നും എറണാകുളത്തു നിന്നും വിളിച്ച പരാതിക്കാരി പറയുന്നു. ഭർത്താവും അമ്മായിയമ്മയും ഉപദ്രവിക്കാറുണ്ടോ എന്ന എം.സി ജോസഫൈന്റെ ചോദ്യത്തിന് ഉണ്ടെന്ന് പരാതിക്കാരി പറയുന്നു. ഇക്കാര്യം എന്തുകൊണ്ട് പൊലീസിൽ പരാതിപ്പെട്ടില്ല എന്ന് എം.സി ജോസഫൈൻ ചോദിക്കുന്നു. താൻ ആരോടും പറഞ്ഞില്ല എന്നാണ് പരാതിക്കാരി പറയുന്നത്. ഇതിന് “ആ എന്നാൽ പിന്നെ അനുഭവിച്ചോ” എന്നാണ് എം.സി ജോസഫൈൻ മറുപടി നൽകുന്നത്. കൊടുത്ത സ്ത്രീധനം തിരിച്ചു കിട്ടാനും നഷ്ടപരിഹാരം കിട്ടാനും നല്ല വക്കീൽ വഴി കുടുംബ കോടതിയെ സമീപിക്കാനും “വനിതാ കമ്മീഷനിലേക്ക് വേണേൽ പരാതി അയച്ചോ, പക്ഷെ ഭർത്താവ് വിദേശത്താണല്ലോ” എന്നുമാണ് എം.സി ജോസഫൈൻ പരാതിക്കാരിക്ക് നൽകുന്ന നിർദേശം.