എ.കെ.ജി സെന്റര്‍ ഉപരോധിച്ചു, കോട്ടയത്ത് തെരുവുയുദ്ധം, സംസ്ഥാനം എങ്ങുംപ്രതിഷേധം അണപൊട്ടുന്നു.

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനമെങ്ങും കനത്ത പ്രതിഷേധം. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യൂത്ത് കോണ്‍ഗ്രസ് കെ എസ് യു പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. തിരുവനന്തപുരത്ത് എകെ ജി സെന്ററിന് മുന്നില്‍ വന്‍ പ്രതിഷേധമുണ്ടായി. സി പിഎം സംസ്ഥാന കമ്മിറ്റി ഓഫീസുമുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ച വനിതകള്‍ ഉള്‍പ്പെടെയുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുമ്പിലും വന്‍ പ്രതിഷേധമുണ്ടായി. വയനാട്ടിലെ കല്‍പ്പറ്റയില്‍ പ്രതിഷേധ പ്രകടനത്തിന് ടി സിദ്ധിഖ് എം എല്‍ എ നേതൃത്വം നല്‍കി. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കോണ്‍ഗ്രസ് യു ഡി എഫ് പ്രവര്‍ത്തകര്‍ റാലികളും പ്രകടനങ്ങളും നടത്തുകയാണ്. കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും, ഡി വൈ എഫ് ഐ പ്രവര്‍ത്തകരും ഏറ്റുമുട്ടി രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. അവിടെ തെരുവുയുദ്ധത്തിന്റെ പ്രതീതിയാണ് ഇപ്പോഴും. പലയിടത്തും ദേശീയ പാത ഉപരോധിക്കുന്നുണ്ട്്.കോഴിക്കോടും താമരശേരിയിലും വന്‍ പ്രതിഷേധമാണ് നടന്നത്

തിരുവനന്തപുരം എറണാകുളം പാലക്കാട്  വയനാട് എന്നിവടങ്ങളില്‍ പ്രതിഷേധം അതിശക്തമാണ്. പാലക്കാട് ഷാഫി പറമ്പലിന്റെ നേതൃത്വത്തില്‍ ദേശീയ പാത ഉപരോധിക്കുകയാണ്‌പലയിടത്തും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ കൂട്ടാക്കുന്നില്ല. രാത്രിയും പ്രതിഷേധം തുടരുകയാണ്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലും  എന്‍ എസ് യുവിന്റെ നേതൃത്വത്തില്‍  കനത്ത പ്രതിഷേധമാണ് അരങ്ങേറുന്നത്