രാഹുല്‍ വയനാട്ടിലെത്തുമ്പോള്‍; ഇക്കാര്യങ്ങള്‍ നിര്‍ണായകം

ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും പ്രവര്‍ത്തകരുടെ കാത്തിരിപ്പിനുമൊടുവില്‍ കോണ്‍ഗ്രസ് അധ്യക്ഷനും പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധി ലോകസഭ തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ മത്സരിക്കുമെന്ന പ്രഖ്യാപനം വന്നിരിക്കുന്നു.

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് എ കെ ആന്റണിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. യുപിയിലെ അമേത്തിയിലാണ് രാഹുല്‍ ഗാന്ധിയുടെ സ്ഥിരം മണ്ഡലം. അവിടെയും ഇത്തവണ രാഹുല്‍ മത്സരിക്കുന്നുണ്ട്. കഴിഞ്ഞതവണ രാഹുലുമായി ഏറ്റുമുട്ടിയ സ്മൃതി ഇറാനി തന്നെയാണ് അമേത്തിയിലെ ബിജെപിയില്‍ സ്ഥാനാര്‍ത്ഥി.

വര്‍ഷങ്ങളായി വന്‍ ഭൂരിപക്ഷം കിട്ടിയിരുന്ന മണ്ഡലത്തില്‍ കഴിഞ്ഞ തവണ രാഹുലിന് ഭൂരിപക്ഷം കുറഞ്ഞിരുന്നു. ഒരു ലക്ഷമായിട്ടാണ് സ്മൃതി ഇറാനി രാഹുലിന്റെ ഭൂരിപക്ഷം കുറച്ചത്. ഇത്തവണ അമേത്തിയില്‍ പരാജയപ്പെട്ടാല്‍ ദക്ഷിണേന്ത്യയിലെ സുരക്ഷിത മണ്ഡലം വേണമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ ആഗ്രഹം. ഇതാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ വയനാട് മത്സരിക്കാനുള്ള തീരുമാനത്തിന് പിന്നില്‍. നേരത്തെ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നും ജനവിധി തേടണമെന്ന് പരസ്യമായി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്ത് വന്നിരുന്നു.

കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഏറ്റവും കരുത്തനായ നേതാവ് കേരളത്തിലെ വയാനാട് മണ്ഡലത്തില്‍ മത്സരിക്കുമ്പോള്‍ സംസ്ഥാനത്തെ പാര്‍ട്ടിയുടെ എതിരാളിയായ ഇടതുപക്ഷത്തിന് തന്ത്രങ്ങള്‍ പലതും മാറ്റിപ്പണിയേണ്ടി വരും. ബിജെപിയാകട്ടെ രാഹുലിന്റെ വരവോടെ ഇനിയെന്ത് കാട്ടാനാ എന്ന അവസ്ഥയിലേക്കെത്തുമെന്നാണ് വിലയിരുത്തലുകള്‍. ഇനിപ്പറയുന്ന കാര്യങ്ങളാകും രാഹുലിന്റെ വയനാട്ടിലേക്കുള്ള വരവോടെ നിര്‍ണായകമാവുക.

കോണ്‍ഗ്രസിനുണ്ടാകുന്ന ഉത്തേജനം
രാഹുലിന്റെ വരവോടെ സംസ്ഥാനത്ത് കോണ്‍ഗ്രസിന് വന്‍ ഉണര്‍വുണ്ടാക്കും. ദക്ഷിണേന്ത്യയിലെ തമിഴ്‌നാട്ടിലും കര്‍ണാടകയിലും വരെ രാഹുല്‍ വയനാട് നില്‍ക്കുന്നതിന്റെ ഓളം എത്തുകയും അത് പാര്‍ട്ടിക്ക് അനുകൂല തരംഗമുണ്ടാക്കാനും സാധിക്കും.

പ്രതിരോധത്തിലാകുന്ന ഇടതുപക്ഷം
വടക്കെ മലബാറില്‍ ഇടതുപക്ഷത്തിനുണ്ടായിരുന്ന സ്വാധീനം രാഹുലിന്റെ വരവോടെ വന്‍ തോതില്‍ കുറയുമെന്നാണ് വിലയിരുത്തലുകള്‍. വടകരയില്‍ മുരളീധരന്‍ വന്നതോടെ കടുത്ത മത്സരം നേരിടേണ്ടി വരുന്ന ഇടതിന് രാഹുല്‍ ഗാന്ധിയുടെ വരവ് ഇരട്ട പ്രഹരമാകും നല്‍കുക. പ്രചരണത്തിനായി ദേശീയ നേതൃത്വത്തിലെ പ്രമുഖര്‍ വയനാട്ടിലെത്തുമ്പോള്‍ മറുമരുന്ന് കാണാന്‍ സിപിഎം ഏറെ വിയര്‍ക്കും. പ്രത്യേകിച്ച് പ്രിയങ്ക ഗാന്ധിയും സോണിയ ഗാന്ധിയും വയനാട്ടിലെത്തുമ്പോള്‍ ഓളം കേരളത്തിലുടനീളം ആഞ്ഞടിക്കുമെന്നുറപ്പാണ്.

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി
കേരളത്തില്‍ ആദ്യമായാണ് ഒരു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി മത്സരിക്കുന്നത്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പിന് ഫണ്ട് കണ്ടെത്തണമെന്ന ബുദ്ധിമുട്ടും കേരളത്തിലെ നേതാക്കള്‍ക്ക് ഇല്ലാതാകും.

അമേഠിയും വയനാടും
അമേത്തി മണ്ഡലത്തില്‍ കഴിഞ്ഞ തവണ സ്മൃതി ഇറാനിയെ തോല്‍പ്പിച്ചെങ്കിലും ഭൂരിപക്ഷം കുറഞ്ഞത് കോണ്‍ഗ്രസ് പാളയത്തില്‍ ചെറിയൊരു ആശങ്കയ്ക്ക് വഴിവെച്ചിരുന്നു. പുല്‍വാമയ്ക്ക് ശേഷം അതേ മണ്ഡലത്തില്‍ അതേ സ്ഥാനാര്‍ത്ഥിയെ എതിരിടുന്നത് സുരക്ഷിതമാണോ എന്ന ചോദ്യവും പാര്‍ട്ടിക്കകത്ത് ഉയര്‍ന്നിട്ടുണ്ടാകാം. അതേസമയം, വയനാട് എന്നും കോണ്‍ഗ്രസിന്റെ കോട്ടയാണ്. രാഹുല്‍ ഗാന്ധി വരുന്നതോടെ ഇത് ഇന്ത്യയിലെ തന്നെ ഏറ്റവും സുരക്ഷിത മണ്ഡലമായി മാറും.

തന്ത്രം
നോര്‍ത്ത് ഇന്ത്യയില്‍ പ്രിയങ്കയും സൗത്ത് ഇന്ത്യയില്‍ രാഹുലും പിടിച്ചാല്‍ സര്‍ക്കാരുണ്ടാക്കാന്‍ വലിയ പാടില്ലെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.

വെട്ടില്‍ ബിജെപി
ശബരിമല സ്ത്രീപ്രവേശന വിഷയം മുതലാക്കി കുറച്ച് വോട്ടെങ്കിലും പിടിക്കാമെന്ന ബിജെപിയുടെ മോഹം രാഹുല്‍ വരുന്നതോടെ തകിടം മറിയും. കേരളത്തില്‍ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വമുണ്ടാക്കുന്ന തരംഗം ബിജെപിയെ ചിത്രത്തില്‍ തന്നെ ഇല്ലാതാകുമെന്നാണ് വിലയിരുത്തലുകള്‍.