അയ്യപ്പ- വാവര്‍ വിശ്വാസത്തിന്റെ പേരിലാണ് നിലപാട് എടുത്തത്; പുറത്താക്കിയാലും മാറ്റം ഉണ്ടാകില്ലെന്ന് രാഹുല്‍ ഈശ്വര്‍

പൗരത്വ നിയമ ഭേദഗതിക്കെതിരായ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് രാഹുല്‍ ഈശ്വര്‍. അയ്യപ്പ – വാവര്‍ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് നിലപാട് എടുത്തത്. അതില്‍ മാറ്റമില്ലെന്നും രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി. മലപ്പുറം ചങ്ങരംകുളത്ത് പൗരത്വ നിയമത്തിനെതിരായ 24 മണിക്കൂര്‍ നിരാഹാരം രാഹുല്‍ ഈശ്വര്‍ ഉദ്ഘാടനം ചെയ്തു.

അയ്യപ്പ ധര്‍മ്മസേനയുടെ ഉത്തര മേഖല സെക്രട്ടറി സുനില്‍ വളയംകുളത്തിന്റെയും സഹപ്രവര്‍ത്തകരുടെയും നേതൃത്വത്തിലാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ മലപ്പുറം ചങ്ങരംകുളത്ത് 24 മണിക്കൂര്‍ നിരാഹാര സമരം സംഘടിപ്പിച്ചത്. പാകിസ്ഥാനി ഹിന്ദുവിനെക്കാള്‍ പ്രാധാന്യം ഇന്ത്യന്‍ മുസ്‌ലിമിനാണെന്ന നിലപാട് ആവര്‍ത്തിച്ച രാഹുല്‍ ഈശ്വര്‍, തന്റെ നിലപാടിനെ തുടര്‍ന്നുണ്ടായ വിമര്‍ശനങ്ങള്‍ വകവെയ്ക്കാതെയാണ് പരിപാടിക്കെത്തിയത്.

ചങ്ങരംകുളം ടൗണ്‍ ജുമാമസ്ജിദ് ഖത്തീബ് സുനിലിനും സഹപ്രവര്‍ത്തകര്‍ക്കും ദേശീയ പതാക കൈമാറി. തുടര്‍ന്ന് പ്രവര്‍ത്തകരുടെ സാന്നിദ്ധ്യത്തില്‍ ചങ്ങരംകുളം ഹൈവേ ജംഗ്ഷനില്‍ എത്തിയാണ് നിരാഹാര സമരത്തിന് തുടക്കമിട്ടത്. മത സാമൂഹിക രാഷ്ട്രീയ രംഗത്തെ നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തു.