'റാബീസ് കേസുകള്‍ ക്രമാതീതമായി ഉയരും, തെരുവ് നായ്ക്കളുടെ എണ്ണം കുറക്കണം'; മുന്നറിയിപ്പുമായി ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍

സംസ്ഥാനത്ത് റാബീസ് കേസുകള്‍ ക്രമാതീതമായി വർധിക്കുമെന്ന് മുന്നറിയിപ്പുമായി ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ രംഗത്ത്. തെരുവ് നായ്ക്കളുടെ എണ്ണം കുറക്കണമെന്ന് കേരളത്തിലെ ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡോ. വികെപി മോഹന്‍കുമാര്‍ പറഞ്ഞു. സംസ്ഥാനത്ത് പേ വിഷബാധ മൂലമുള്ള മരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ രംഗത്ത് എത്തിയിരിക്കുന്നത്.

വന്ധ്യംകരണ പദ്ധതി മാത്രമാണ് നിയന്ത്രണത്തിനുള്ള ഏക പോംവഴി എന്നത് പേവിഷബാധാ കേസുകള്‍ വര്‍ധിപ്പിക്കുമെന്നും മോഹന്‍കുമാര്‍ പറഞ്ഞു. നായ്ക്കള്‍ അനിയന്ത്രിതമായി പെരുകിയ സാഹചര്യത്തില്‍ വന്ധ്യംകരണ പദ്ധതിയുടെ പ്രായോഗികത പരിശോധിക്കണം. പൊതുസ്ഥലങ്ങളില്‍ കാണുന്ന അക്രമകാരികളെ പെട്ടെന്ന് ഷെല്‍ട്ടര്‍ ചെയ്യുകയോ നശിപ്പിക്കുകയോ വേണമെന്നും മോഹന്‍കുമാര്‍ കൂട്ടിച്ചേർത്തു.

അതേസമയം തെരുവ് നായ്ക്കളുടെ എണ്ണം കുറക്കുന്നതിലുള്ള സമീപനങ്ങളിലും നിയമങ്ങളിലും മാറ്റം അനിവാര്യമാണന്ന് വെറ്ററിനറി ഡോക്ടര്‍മാരുടെ സംഘടന പറയുന്നു. പക്ഷിപ്പനിയും പന്നിപ്പനിയും പ്രതിരോധിക്കുന്നതിനായി സ്വീകരിക്കുന്ന നിയന്ത്രണ നടപടികള്‍ തെരുവുനായ വിഷയത്തിലും കൈകൊള്ളണമെന്നും സംഘടന ആവശ്യപ്പെട്ടു. പേവിഷബാധയേറ്റുള്ള മരണങ്ങള്‍ ഇല്ലാതാക്കാന്‍ ജനകീയ പ്രതിരോധ കുത്തിവെപ്പ് നടത്തണമെന്ന് കേരള സര്‍ക്കാര്‍ മെഡിക്കല്‍ ഓഫീസര്‍മാരുടെ സംഘടന(KGMOA)യും ആവശ്യപ്പെട്ടു.

ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്‌സിന്‍ നിലവിലുണ്ടെന്നും മൂന്ന് ഡോസുകളുള്ള വാക്‌സിന്‍ സ്വീകരിച്ചാല്‍ നായ കടിച്ചാലും ജീവന്‍ രക്ഷിക്കാമെന്നും സംഘടന പറഞ്ഞു. വാക്‌സിന്‍ സ്വീകരിച്ച വ്യക്തിയെ നായ കടിച്ചാല്‍ ബൂസ്റ്റര്‍ ഡോസ് നല്‍കിയാല്‍ മതിയെന്നും കെജിഎംഒഎ പറഞ്ഞു. കുട്ടികള്‍ക്ക് ആദ്യം പ്രതിരോധ കുത്തിവെപ്പ് നല്‍കണം. ഇന്ത്യയില്‍ പേവിഷബാധയേറ്റ് മരിക്കുന്നവരില്‍ 40 ശതമാനവും കുട്ടികളാണെന്നും കെജിഎംഒഎ പറഞ്ഞു. വാക്‌സിന്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പ്രതിരോധമാണെന്നും സംഘടന വ്യക്തമാക്കി.