പുതുയുഗയാത്രയുടെ സമാപന സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധിയുടെ ഗ്യാരന്റി പ്രഖ്യാപനത്തിനെതിരെ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. 600 രൂപ പെന്‍ഷന്‍ നല്‍കാന്‍ കഴിയാത്തവരാണ് 3000 കൊടുക്കുമെന്ന് പറയുന്നതെന്നാണ് കെഎന്‍ ബാലഗോപാല്‍ പരിഹസിച്ചത്. 600 രൂപയുടെ പെന്‍ഷന്‍ 18 മാസം യു ഡി എഫ് ഭരണകാലത്ത് കുടിശ്ശികയായിരുന്നുവെന്നും യു ഡി എഫ് പ്രഖ്യാപനം നടപ്പാകുന്നതല്ലെന്ന് ജനങ്ങള്‍ക്ക് അറിയാമെന്ന് ധനമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ ധനസ്ഥിതി മോശമെന്ന് ഇനി പ്രതിപക്ഷ നേതാവ് വി ഡി സതീശനും യുഡിഎഫും പറയരുത്. ഖജനാവില്‍ പൂച്ചപെറ്റു കിടക്കുന്നുവെന്ന് പറയുന്നവരാണ് 3000 പെന്‍ഷന്‍ കൊടുക്കും എന്ന് പറഞ്ഞതെന്നും കെ എന്‍ ബാലഗോപാല്‍ വിമര്‍ശിച്ചു.
കെ എസ് ആര്‍ ടി സിയില്‍ സൗജന്യ യാത്ര നല്‍കുമെന്ന് പറഞ്ഞത് അത്ര വലിയ പ്രഖ്യാപനമല്ലെന്നും ധനമന്ത്രി പറഞ്ഞു. കട്ടപ്പുറത്തായ വണ്ടികള്‍ ഓടി തുടങ്ങിയത് ഈ സര്‍ക്കാരിന്റെ കാലത്താണെന്നും കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ശമ്പളം കൃത്യമായി നല്‍കിയതും എല്‍ ഡി എഫ് സര്‍ക്കാരാണെന്നും ധനമന്ത്രി പറഞ്ഞു.
നേരത്തെ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറും രാഹുല്‍ ഗ്യാരന്റിയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. പറയുന്നതില്‍ മര്യാദ വേണമെന്നാണ് ഗതാഗത മന്ത്രി പറയുന്നത്. വഴിയില്‍ കിടക്കുന്ന തേങ്ങ എടുത്ത് ഗണപതിയ്ക്ക് ഉടച്ച ശേഷം രക്ഷിക്കണേ എന്ന് പറയുന്നത് പോലെയാണ് രാഹുല്‍ ഗാന്ധിയുടേയും കോണ്‍ഗ്രസിന്റേയും പ്രഖ്യാപനമെന്നാണ് കെ ബി ഗണേഷ് കുമാറിന്റെ പരിഹാസം. വാഗ്ദാനം നടപ്പാക്കുന്നതിൽ പ്രശ്‌നമില്ല. എന്നാൽ രണ്ടുമാസം കൊണ്ട് കെ.എസ്.ആർ.ടി.സി.യും നാട്ടുകാരും വഴിയാധാരമാകുമെന്ന് മന്ത്രി പറഞ്ഞു.
Read more
ദൈനം ദിനമുള്ള കാര്യങ്ങള്‍ നടക്കുന്ന രീതിയിലാണ് നിലവില്‍ കെഎസ്ആര്‍ടിസിയുള്ളതെന്നും നഷ്ടം ഉണ്ടാകാതെ നടത്തിക്കൊണ്ട് പോകാമെന്ന് മാത്രമെന്നും ഗതാഗത മന്ത്രി ചൂണ്ടിക്കാട്ടി. വഴിയില്‍ കൂടി പോകുന്നവര്‍ എന്തേലും പറയുന്നുവെന്നാണ് കെ ബി ഗണേഷ് കുമാര്‍ രാഹുല്‍ ഗാന്ധിയുടെ ഗ്യാരന്റെയെ കുറിച്ച് പറഞ്ഞത്. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കിയ കര്‍ണ്ണാടക ട്രാന്‍പോര്‍ട്ട് കോര്‍പ്പറേഷന്‍ നഷ്ടത്തിലാണെന്നും ഗണേഷ് കുമാര്‍ ചൂണ്ടിക്കാട്ടി.







