ചോദ്യപേപ്പര്‍ ആവര്‍ത്തനം; കണ്ണൂര്‍ സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ പി.ജെ വിന്‍സെന്റ് അവധിയിലേക്ക്

കണ്ണൂര്‍ സര്‍വകലാശാല ചോദ്യപേപ്പര്‍ ആവര്‍ത്തന വിവാദത്തില്‍ പരീക്ഷ കണ്‍ട്രോളര്‍ പി.ജെ വിന്‍സെന്റ് അവധിയില്‍ പോകുന്നു.
പരീക്ഷാനടത്തിപ്പില്‍ വീഴ്ച്ച സംഭവിച്ചെന്ന് പരീക്ഷാ കണ്‍ട്രോളര്‍ സമ്മതിച്ചിരുന്നു. പിഴവിന്റെ ഘാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് വിന്‍സെന്റ് രാജി സന്നദ്ധത അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അവധിയില്‍ പോകുന്നത്. ഈ മാസം 28ാം തിയതി മുതല്‍ എട്ട് ദിവസത്തേക്കാണ് അവധിയില്‍ പോവുക.

മൂന്നാം സെമസ്റ്റര്‍ ബോട്ടണി പരീക്ഷയുടെ ആള്‍ഗേ ആന്‍ഡ് ബ്രയോഫൈറ്റ്‌സ് ചോദ്യ പേപ്പറാണ് വിവാദത്തിന് അടിസ്ഥാനം. 2020ല്‍ നടത്തിയ ഇതേ പരീക്ഷയുടെ 95 ശതമാനം ചോദ്യങ്ങളും ആവര്‍ത്തിച്ചെന്നാണ് ആക്ഷേപം. ഏപ്രില്‍ 21ന് ആയിരുന്നു പരീക്ഷ നടന്നത്.

ഇതേസാഹചര്യത്തെത്തുടര്‍ന്ന് തുടര്‍ന്ന് സൈക്കോളജി ബിരുദ കോഴ്‌സിന്റെ മൂന്നാം സെമസ്റ്ററിലെ പരീക്ഷകള്‍ റദ്ദാക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. നവംബര്‍ 2021 സെഷന്‍ സൈക്കോളജി ബിരുദം മൂന്നാം സെമസ്റ്ററിന്റെ ഏപ്രില്‍ 21, 22 തീയതികളില്‍ നടന്ന പരീക്ഷകളാണ് റദ്ദാക്കിയത്.

അതേ സമയം ചോദ്യങ്ങള്‍ ആവര്‍ത്തിച്ചതിനെ തുടര്‍ന്ന് റദ്ദാക്കിയ പരീക്ഷകള്‍ മെയില്‍ നടത്തുമെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ചോദ്യപ്പേപ്പര്‍ ആവര്‍ത്തിച്ച സംഭവം പഠിക്കാന്‍ അന്വേഷണ കമ്മീഷനെയും നിയോഗിച്ചു.

ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതില്‍ സര്‍കലാശാലയ്‌ക്കോ, പരീക്ഷാഭവനോ നേരിട്ടുള്ള നിയന്ത്രണമില്ലെന്നാണ് പിജെ വിന്‍സെന്റ് വ്യക്തമാക്കിയത്. പ്രത്യേകം തയ്യാറാക്കിയ സംഘമാണ് പരീക്ഷാ പേപ്പര്‍ ഇടുന്നത്. ചോദ്യം തയ്യാറാക്കിയവര്‍ പഴയത് തന്നെ അതേപടി നല്‍കുകയായിരുന്നു. സംഭവത്തില്‍ വീഴ്ച്ച വരുത്തിയ അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ പറഞ്ഞഞ്ഞിരുന്നു.