പി.വി അന്‍വര്‍ എം.എല്‍.എയുടെ അനധികൃത ഭൂമി കേസ്; ഇ.ഡിയും ആദായനികുതി വകുപ്പും അന്വേഷിക്കണമെന്ന് ഹര്‍ജി

നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറിന്റെ അനധികൃത ഭൂമി സംബന്ധിച്ച കേസ് ഇഡിയും ആദായനികുതി വകുപ്പും അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് ഹൈക്കോടതിയില്‍ ഹര്‍ജി. മലപ്പുറം സ്വദേശിയായ കെ.വി ഷാജിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

എംഎല്‍എ ആദായനികുതി വകുപ്പിന് നല്‍കിയ രേഖകളില്‍ വരുമാനമില്ലെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, തിരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പത്രികയ്ക്കൊപ്പം സ്വത്തു വിവരങ്ങള്‍ നല്‍കിയപ്പോള്‍ അതില്‍ 207 ഏക്കര്‍ ഭൂമി കൈവശമുള്ളതായി സത്യപ്രസ്താവന നല്‍കിയിരുന്നു. ഈ രേഖകള്‍ ചൂണ്ടിക്കാട്ടിയാണ് വിവരാവകാശ പ്രവര്‍ത്തകനായ ഷാജി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ ഇഡിക്കും ആദായ നികുതി വകുപ്പിനും നിവേദനം നല്‍കിയിരുന്നു പക്ഷേ നടപടിയുണ്ടായില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

പി.വി അന്‍വര്‍ എംഎല്‍എയും കുടുംബവും അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി തിരിച്ചു പിടിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവില്‍ എന്ത് നടപടി സ്വീകരിച്ചു എന്നറിയിക്കാനും കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ആറുമാസത്തിനകം ഭൂമി തിരിച്ചു പിടിക്കണമെന്ന ഉത്തരവ് നടപ്പാക്കില്ലെന്ന് ആരോപിച്ചുളള കോടതിയലക്ഷ്യ ഹര്‍ജിയിലാണ് നടപടി. പരിധിയില്‍ കൂടുതല്‍ ഭൂമി കൈവശം വെച്ചതിന് പി.വി അന്‍വര്‍ എംഎല്‍എക്കെതിരെ കേസെടുക്കണമെന്ന് ലാന്‍ഡ് ബോര്‍ഡ് ഉത്തരവിട്ടിരുന്നു. ഇത് മൂന്ന് വര്‍ഷമായിട്ടും നടപ്പാക്കാത്തതിനെ ചോദ്യം ചെയ്താണ് വിഷയം നേരത്തെ ഹൈക്കോടതിയുടെ മുന്നില്‍ എത്തിയത്. മിച്ചഭൂമി കണ്ടുകെട്ടാന്‍ കഴിഞ്ഞ മാര്‍ച്ച് 24നാണ് കോടതി ഉത്തരവിട്ടത്. ഈ ഉത്തരവ് നടപ്പാകാതെ വന്നതോടെയാണ് കോടതിയലക്ഷ്യ ഹര്‍ജിയെത്തിയത്.