പി.എസ്.സി റാങ്ക്‌ലിസ്റ്റ് ഒഴിവിന് ആനുപാതികമായി മാത്രം; സർക്കാർ പരിഗണനയിലെന്ന് മുഖ്യമന്ത്രി

ഒഴിവിന് ആനുപാതികമായി സംവരണ തത്വങ്ങൾ പാലിച്ച് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജൻ

നിലവിൽ പ്രതീക്ഷിത ഒഴിവുകളേക്കാൾ മൂന്ന് മുതൽ അഞ്ച് ഇരട്ടി വരെ ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തിയാണ് പി.എസ്.സി റാങ്ക് ലിസ്റ്റുകൾ തയ്യാറാക്കുന്നത്.

അതിനുപകരം ഒഴിവിന് ആനുപാതികമായി സംവരണ തത്വങ്ങൾ പാലിച്ച് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

നിയമസഭയിൽ എച്ച് സലാമിൻറെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കെല്ലാം ജോലി കിട്ടില്ല.

എന്നാൽ ഉദ്യോഗാർത്ഥികൾ പലരും ചൂഷണങ്ങൾക്കും അനഭിലഷണീയമായ പ്രവണതകൾക്കും വിധേയരാകുന്നുവെന്ന് വ്യക്തമായതാണെന്നും അതിനാലാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്ന രീതി പുനഃപരിശോധിക്കുന്ന കാര്യം പരിഗണിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം, റാങ്ക് ലിസ്റ്റുകളുടെ കാലാവധിയ്ക്കുള്ളിൽ ലഭ്യമാകുന്ന മുഴുവൻ ഒഴിവുകളും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്ത് നിയമനം നടത്തുക എന്നതാണ് സർക്കാരിന്റെ പ്രഖ്യാപിത നയം.

ഇതിനായി ഒഴിവുകൾ യഥാസമയം കൃത്യതയോടെ ഓൺലൈനായി റിപ്പോർട്ട് ചെയ്യുന്നതിന് എല്ലാ നിയമനാധികാരികൾക്കും സർക്കാർ കർശന നിർദ്ദേശം നൽകി വരുന്നുണ്ട്.