ഏഷ്യാനെറ്റ് ന്യൂസിനെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് രാഷ്ട്രീയമാനം; ഓഫീസുകള്‍ക്ക് മതിയായ സംരക്ഷണം നല്‍കണം; പൊലീസിനോട് ഹൈക്കോടതി

ഏഷ്യാനെറ്റ് ന്യൂസിനെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് രാഷ്ട്രീയമാനം ഉണ്ടായിരിക്കുന്നുവെന്ന് ഹൈക്കോടതി. ഓഫീസുകള്‍ക്കും ബ്യൂറോകള്‍ക്കും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ചാനല്‍ നല്‍കിയ ഹര്‍ജിയലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. വാര്‍ത്തക്കെതിരെ രാഷ്ട്രീയ പാര്‍ട്ടി രംഗത്ത് എത്തിയിട്ടുണ്ട്. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൊച്ചിയിലെ റീജണല്‍ ഓഫീസ് ആക്രമിച്ചു. അതിനാല്‍ എല്ലാ ഓഫീസുകള്‍ക്കും പൊലീസ് സംരക്ഷണം നല്‍കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Read more

ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് എന്‍ നഗരേഷ് ഏഷ്യാനെറ്റ് ന്യൂസ് ആവശ്യപ്പെട്ടാല്‍ ഓഫീസുകള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ പൊലീസ് ചീഫിനോട് ആവശ്യപ്പെട്ടു. ഏഷ്യാനെറ്റിനെതിരെ കൂടുതല്‍ പ്രതിഷേധങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്, അത് അക്രമാസക്തമാകാം. അതിനാല്‍, ഏഷ്യാനെറ്റ് സഹായം തേടുകയാണെങ്കില്‍ മതിയായ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കാന്‍ ഡിജിപിയ്ക്ക് നിര്‍ദ്ദേശം നല്‍കി. അഭിഭാഷകരായ വി വി നന്ദഗോപാല്‍ നമ്പ്യാര്‍, വിക്ടര്‍ ജോര്‍ജ്ജ് വി എം, പ്രീജ പി വിജയന്‍, സ്മിത എഴുപുന്ന, ചിത്ര ജോണ്‍സണ്‍ എന്നിവരാണ് ഏഷ്യാനെറ്റ് ന്യൂസിന് വേണ്ടി ഹാജരായത്.