പുല്‍പ്പള്ളിയില്‍ പ്രതിഷേധം കനക്കുന്നു; ജനങ്ങളോട് സംസാരിക്കാനെത്തിയ ടി സിദ്ദിഖ് എംഎല്‍എയ്ക്ക് നേരെ കുപ്പിയേറ്; ലാത്തി വീശി പൊലീസ്

വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വനംവകുപ്പ് വാച്ചര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് നടക്കുന്ന പ്രതിഷേധത്തില്‍ ലാത്തിച്ചാര്‍ജ്. ആയിരക്കണക്കിനാളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വനംവകുപ്പ് ജീപ്പിന് നേരെ പ്രതിഷേധക്കാര്‍ ആക്രമണം നടത്തിയിരുന്നു. പ്രതിഷേധക്കാരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി.

ജനങ്ങളോട് സംസാരിക്കാനെത്തിയ ടി സിദ്ദിഖ് എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ക്ക് നേരെ പ്രതിഷേധക്കാര്‍ കുപ്പി വലിച്ചെറിഞ്ഞു. പ്രതിഷേധം ശക്തമായതോടെയാണ് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്. സ്ഥലത്ത് കൂടുതല്‍ പൊലീസെത്തി നിലയുറപ്പിച്ചിട്ടുണ്ട്. വന്യജീവികളുടെ ആക്രമണത്തില്‍ ഒരാഴ്ചയ്ക്കിടെ രണ്ടുപേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് പ്രതിഷേധം.

കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി, നഷ്ടപരിഹാരം തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിച്ചാലേ മൃതദേഹം ഏറ്റുവാങ്ങൂ എന്നാണ് നാട്ടുകാരുടെയും ബന്ധുക്കളുടെയും നിലപാട്. വെള്ളിയാഴ്ച രാവിലെയാണ് പോളിനെ കാട്ടാന ആക്രമിച്ചത്.

ആദ്യം മാനന്തവാടി മെഡിക്കല്‍ കോളേജിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും പോളിന്റെ ജീവന്‍ രക്ഷിക്കാനായില്ല. എല്‍ഡിഎഫും, യുഡിഎഫും ബിജെപിയും സംയുക്തമായാണ് ഹര്‍ത്താല്‍ നടത്തുന്നത്.വനം വകുപ്പിന്റെ ജീപ്പ് തടഞ്ഞ് റീത്ത് വച്ച പ്രതിഷേധക്കാര്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ട പശുവിന്റെ ജഡം ജീപ്പിന് മുകളില്‍ വച്ച് പ്രതിഷേധിച്ചത്.