മേയര്‍ക്ക് നേരെ പ്രതിഷേധം; കെ.എസ്‌.യുക്കാരനെ ഡി.വൈ.എഫ്‌.ഐക്കാര്‍ അടിച്ചുവീഴ്ത്തി ക്രൂരമായി മര്‍ദ്ദിച്ചു, നോക്കി നിന്ന് മേയര്‍

തിരുവനന്തപുരം മേയര്‍ക്ക് നേരെ കെഎസ്‌യുവിന്റെ കരിങ്കൊടി പ്രതിഷേധം. മേയര്‍ ആദ്യ രാജേന്ദ്രന്‍ വീട്ടില്‍നിന്ന് ഇറങ്ങിയ ഉടനെയായിരുന്നു കെഎസ്‌യുവിന്റെ പ്രതിഷേധം. മേയറുടെ വാഹനത്തിന് മുന്നിലേക്ക് ചാടിയിറങ്ങി പ്രതിഷേധിച്ച കെഎസ്‌യുക്കാരനെ ഡിവൈഎഫ്‌ഐക്കാര്‍ അടിച്ചുവീഴ്ത്തി ക്രൂരമായി മര്‍ദ്ദിച്ചു. പിന്നീട് പൊലീസ് ഇടപെട്ട് കെഎസ്‌യു പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത് നീക്കി.

അതേസമയം, മേയറുടെ ഓഫീസ് ബിജെപി ഉപരോധിച്ചു. ഓഫീസിന് മുന്നില്‍ കിടന്ന് പ്രതിഷേധിക്കുന്ന കൗണ്‍സിലര്‍മാര്‍ മേയറുടെ ഓഫീസ് കവാടത്തിന് മുന്നില്‍ ബിജെപിയുടെ കൊടിയും നാട്ടി. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡി.ആര്‍.അനിലിനെതിരെയും പ്രതിഷേധം. മേയറെയും ഡി.ആര്‍.അനിലിനെയും ഓഫിസില്‍ പ്രവേശിപ്പിക്കില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.

നഗരസഭയിലെ കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ മൊഴി ക്രൈംബ്രാഞ്ച് ഇന്ന് രേഖപ്പെടുത്തും. മേയര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്.

Read more

സംഭവത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, ഡി.ആര്‍.അനില്‍, മേയറുടെ ഓഫീസിലെ സ്റ്റാഫ് തുടങ്ങിയവരുടെയും മൊഴി എടുക്കും. കേസ് രജിസ്റ്റര്‍ ചെയ്യാതെയുള്ള പ്രാഥമിക അന്വേഷണമാണ് നിലവില്‍ നടക്കുന്നത്. മൊഴി രേഖപ്പെടുത്തിയശേഷം കേസെടുത്ത് അന്വേഷണം നടത്താന്‍ ശിപാര്‍ശ ചെയ്തേക്കും.