അഞ്ചു മണിക്കകം ഫോണുകളുടെ അണ്‍ലോക്ക് പാറ്റേണ്‍ നല്‍കണം; ദിലീപിനും മറ്റ് പ്രതികള്‍ക്കും കോടതി നോട്ടീസ്

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതി ദീലിപും കൂട്ടാളികളും ഹാജരാക്കിയ ഫോണുകളുടെ അണ്‍ലോക്ക് പാറ്റേണ്‍ നല്‍കാന്‍ കോടതി നിര്‍ദേശം. ഇന്ന് അഞ്ചു മണിക്കു മുമ്പായി പ്രതികളോ അഭിഭാഷകരോ നേരിട്ടെത്തി പാറ്റേണ്‍ നല്‍കാനാണ് ആലുവ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

ഫോണുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. ഇതിനായി അന്വേഷണ സംഘം ആലുവ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കി.
തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍ പരിശോധിക്കണമെന്നാണ് ആവശ്യം. ഫോണുകള്‍ കേരളത്തിലെ ലാബുകളില്‍ പരിശോധിക്കുന്നതിനെ പ്രതിഭാഗം ഹൈക്കോടതിയില്‍ എതിര്‍ത്തിരുന്നു. കേരളത്തിലെ ഫൊറന്‍സിക് ലാബുകള്‍ സംസ്ഥാന പൊലീസിന്റെ ഭാഗമാണെന്നു ചൂണ്ടിക്കാട്ടിയാണ് എതിര്‍പ്പ്.

ദിലീപ് അടക്കമുള്ള പ്രതികളുടെ ഫോണുകള്‍ ഇന്നലെ രാത്രി ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ എത്തിച്ചു. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് നടപടി. ഫോണ്‍ ലോക്ക് അഴിക്കുന്ന പാറ്റേണ്‍ അറിയിക്കാന്‍ ഹൈക്കോടതി പ്രതിഭാഗത്തോടു നിര്‍ദേശിച്ചിട്ടുണ്ട്. ഫോണുകള്‍ അന്വേഷണ സംഘത്തിനു കൈമാറുന്നതിനെ ദിലീപ് എതിര്‍ത്തിരുന്നു.