'കുഴിയല്ല കക്കൂസ് വെട്ടിയെങ്കിലും അഭിമാനം': പരിഹസിച്ച് പ്രിയ വര്‍ഗീസ്, വിവാദമായതോടെ പോസ്റ്റ് മുക്കി

കണ്ണൂര്‍ സര്‍വകലാശാല അസോഷ്യേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ ഹൈക്കോടതിയുടെ വിമര്‍ശനത്തിനെതിരെ ഫെയ്സ്ബുക്കില്‍ പരിഹാസ പോസ്റ്റിട്ട് പ്രിയ വര്‍ഗീസ്. നാഷനല്‍ സര്‍വീസ് സ്‌കീമിനു വേണ്ടി കുഴിയല്ല കക്കൂസ് വെട്ടിയെങ്കിലും അഭിമാനം മാത്രം എന്നാണു പ്രിയ പോസ്റ്റിട്ടത്.

‘അതു ഞാനല്ല പക്ഷേ നിങ്ങളാണ്’ എന്ന് എഴുതിയ നാഷനല്‍ സര്‍വീസ് സ്‌കീമിന്റെ ചിത്രവും കുറിപ്പിനൊപ്പമായിരുന്നു പ്രിയയുടെ കുറിപ്പ്. എന്നാല്‍ പോസ്റ്റ് വിവാദമായതോടെ പ്രിയ വര്‍ഗീസ് പോസ്റ്റ് ഡിലീറ്റ് ചെയ്തു.

എന്‍എസ്എസ് ക്യാമ്പില്‍ കുഴിവെട്ടിയത് അധ്യാപന പരിചയമാകില്ലെന്നാണ് കോടതി വിമര്‍ശിച്ചത്. എന്‍എസ്എസ് കോര്‍ഡിനേറ്ററായുള്ള പ്രവര്‍ത്തനം അധ്യാപക പരിചയം ആവില്ല. ഡെപ്യൂട്ടേഷന്‍ കാലയളവില്‍ പഠിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നോയെന്നും, സ്റ്റുഡന്റ് ഡയറക്ടറായിരുന്ന കാലത്ത് പഠിപ്പിച്ചിരുന്നോയെന്നും ഹൈക്കോടതി ചോദിച്ചു.

Read more

അധ്യാപന പരിചയമെന്നത് ഒരു കെട്ടുകഥയല്ല, ഇതൊരു വസ്തുതയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്‍എസ് ഡയറക്ടറായുള്ള ഡെപ്യൂട്ടേഷന്‍ ഒരിക്കലും അധ്യാപകപരിചയമായി കണക്കാക്കാനാകില്ല. എന്‍എസ് എസിന് പോയി കുഴിവെട്ടിതൊന്നും അധ്യാപക പരിചയമാകില്ലെന്ന് കോടതി പരിഹസിച്ചു. പ്രവര്‍ത്തിപരിചയം സംബന്ധിച്ച പുതിയ രേഖ ഇന്ന് പ്രിയ വര്‍ഗീസ് കോടതിക്ക് മുന്നില്‍ ഹാജരാക്കി. എന്നാല്‍, ഇത് അംഗീകരിക്കാന്‍ ഹൈക്കോടതി തയാറായില്ല.