ആലപ്പുഴ സീറ്റ് പിടിക്കാൻ പ്രധാനമന്ത്രി? പ്രചാരണത്തിനെത്തുമെന്ന് സൂചന

ആലപ്പുഴ ലോക്സഭാ തിരഞ്ഞെടുപ്പ് മണ്ഡലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചാരണത്തിനായി എത്തിയേക്കുമെന്ന് സൂചന. ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രനൊപ്പം മണ്ഡലത്തിലെ സീറ്റ് പിടിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, മാവേലിക്കര, തൃശ്ശൂർ, പാലക്കാട് മണ്ഡലങ്ങൾക്കൊപ്പം ആലപ്പുഴയെയും പാർട്ടിയുടെ കേന്ദ്രനേതൃത്വം ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി.

സംസ്ഥാന ഉപാധ്യക്ഷ ശോഭാസുരേന്ദ്രൻ്റെ സ്ഥാനാർഥിത്വത്തിലൂടെ എൻഡിഎക്ക് ഇവിടെ വലിയ ജനപിന്തുണ ലഭിച്ചതായാണ് പാർട്ടി വിലയിരുത്തുന്നത്. ഇതുവരെ സംസ്ഥാന നേതൃത്വത്തിന്റെ
മേൽനോട്ടത്തിലായിരുന്നു ആലപ്പുഴ. എ ക്ലാസ് പട്ടികയിലായതോടെ മേൽനോട്ടം കേന്ദ്രനേതൃത്വം ഏറ്റെടുക്കും. ആലപ്പുഴയിലെ മേൽനോട്ടം കേന്ദ്ര നേതൃത്വം ഏറ്റെടുക്കുന്നതോടെ മണ്ഡലത്തിന്റെ ചുമതല സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപന് കൈമാറി.

മാവേലിക്കര മണ്ഡലത്തിൻ്റെ ചുമതലയുള്ള ബിജെപി ജില്ലാ അധ്യക്ഷൻ എംവി ഗോപകുമാറിനെയും ആലപ്പുഴയിൽ ശോഭാസുരേന്ദ്രന്റെ പ്രചാരണത്തിനായി നിയോഗിച്ചിട്ടുണ്ട്. ആർഎസ്എസ് പ്രാന്തീയ കാര്യകാര്യ സദസ്യൻ എംആർ പ്രസാദിനെയും പുതുതായി നിയോഗിച്ചു. ഇനി ബൂത്തു തലം മുതലുള്ള പ്രവർത്തനം ആർഎസ്എസ്സാകും ഏകോപിപ്പിക്കുക.

2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ, ഇത്തവണ കേരളത്തിൽ ബിജെപി രണ്ട് അക്കം നേടുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഒന്നിലേറെ തവണ പ്രധാനമന്ത്രി കേരളത്തിലെത്തിയിരുന്നു. അതിൽ ഏറ്റവും കൂടുതൽ തൃശ്ശൂരിലായിരുന്നു പ്രധാനമന്ത്രിയുടെ സന്ദർശനം. വരും ദിവസങ്ങളിൽ പ്രചാരണം കൊഴുപ്പിക്കാൻ പ്രധാനമന്ത്രി ആലപ്പുഴയിലേക്ക് എത്തിയേക്കുമെന്നാണ് പാർട്ടി നേതൃത്വം നൽകുന്ന സൂചന.