പ്രധാനമന്ത്രി തിരുവനന്തപുരത്ത്, വിഴിഞ്ഞം നാളെ നാടിന് സമര്‍പ്പിക്കും; തലസ്ഥാന നഗരിയില്‍ വ്യാഴം-വെള്ളി ദിവസങ്ങളില്‍ ഗതാഗത നിയന്ത്രണങ്ങള്‍

വിഴിഞ്ഞം തുറമുഖം ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തി. വൈകുന്നേരം 7.45ന് എയര്‍ ഇന്ത്യ വിമാനത്തിലാണ് വിമാനത്താവളത്തിന്റെ ടെക്‌നിക്കല്‍ ഏരിയയില്‍ പ്രധാനമന്ത്രിയെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ചീഫ് സെക്രട്ടറി, ബിജെപി സംസ്ഥാന നേതാക്കള്‍ എന്നിവര്‍ ചേര്‍ന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു.

തുടര്‍ന്ന് നരേന്ദ്രമോദി രാജ്ഭവനിലേക്ക് പുറപ്പെട്ടു. രാത്രി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്കൊപ്പം അത്താഴവിരുന്നില്‍ പങ്കെടുക്കും. നാളെ രാവിലെ 10.15ന് വ്യോമസേനാ ഹെലികോപ്ടറില്‍ പ്രധാനമന്ത്രി വിഴിഞ്ഞത്തെത്തും. അതിന് ശേഷം തുറമുഖം നടന്നു കാണും, തുടര്‍ന്ന് തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും.

വിമാനത്താവളത്തിലും രാജ്ഭവനിലേക്ക് പോകുന്ന വഴിയിലും വന്‍ സുരക്ഷയാണ് ഒരുക്കിയത്. പ്രധാനമന്ത്രിയെ വരവേല്‍ക്കാനായി നിരവധിപേരാണ് പാതയോരങ്ങളില്‍ തടിച്ചുകൂടിയത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് വ്യാഴം, വെള്ളി ദിവസങ്ങളില്‍ തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Read more

പ്രധാനമന്ത്രി തുറമുഖത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, കേന്ദ്ര തുറമുഖ മന്ത്രി സര്‍ബാനന്ദ സോനോവാള്‍, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, മന്ത്രി വി.എന്‍. വാസവന്‍, ശശി തരൂര്‍, അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി തുടങ്ങിയവര്‍ സംസാരിക്കും.