'തൃപ്രയാര്‍ ദക്ഷിണ ഭാരതത്തിലെ അയോദ്ധ്യ'; കരുവന്നൂര്‍ ബാങ്ക് ഇടത് കൊള്ളയുടെ ഉദാഹരണമാണെന്ന് പ്രധാനമന്ത്രി

തൃപ്രയാര്‍ ദക്ഷിണ ഭാരതത്തിലെ അയോദ്ധ്യയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുന്നംകുളത്തെ എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോദി. വടക്കുന്നാഥൻ, തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം, ഗുരുവായൂർ പുണ്യ ഭൂമികളെ നമിക്കുകയാണെന്ന് പറ‍ഞ്ഞാണ് മോദി പ്രസംഗം ആരംഭിച്ചത്.

വിഷുക്കാലത്ത് എത്താൻ കഴിഞ്ഞതിൽ സന്തോഷമെന്നും പുതുവര്‍ഷം കേരളത്തിന് മാറ്റത്തിന്‍റേതാണെന്നും മോദി പറഞ്ഞു. വിഷുവിന്‍റെ പുണ്യ ദിനത്തിൽ ബിജെപി പ്രകടനപത്രിക പുറത്തിറക്കിയെന്നും മോദി പറഞ്ഞു. കേരളത്തില്‍ ആയുഷ്മാൻ പദ്ധതി 74 ലക്ഷം പേര്‍ക്ക് സാമ്പത്തിക സഹായം കിട്ടിയെന്നും മോദി പറഞ്ഞു. പ്രസംഗത്തിനിടെ മോദിയുടെ ഗ്യാരണ്ടികളും പ്രധാനമന്ത്രി എടുത്ത് പറഞ്ഞു.

ബിജെപി അടുത്ത അഞ്ച് വര്‍ഷം വികസത്തിനും പാരമ്പര്യത്തിനും പ്രധാന്യം നല്‍കുന്ന പദ്ധതികളാണ് നടപ്പാക്കുന്നത്. അടുത്ത 5 കൊല്ലത്തിനുള്ളിൽ കേരളത്തിന്‍റെ പാരമ്പര്യത്തെ അന്താരാഷ്ട തലത്തിൽ ബന്ധിപ്പിക്കും. വന്ദേഭാരത് ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ കൊണ്ടുവരും. പുതിയ പാതകൾ കൊണ്ടുവന്ന് കേരളത്തിൽ വലിയ വികസനം എത്തിക്കും. രാജ്യത്ത് എക്സ്പ്രസ് വേകളും വിമാനത്താവളങ്ങളും ഉണ്ടാകുന്നു. ഉത്തരേന്ത്യയിൽ ബുള്ളറ്റ് ട്രയിൻ യാഥാര്‍ത്ഥ്യമാക്കി. ദക്ഷിണേന്ത്യയിലും ബുള്ളറ്റ് ട്രയിൻ കൊണ്ടുവരും. മൂന്നാം എന്‍ഡിഎ സര്‍ക്കാര്‍ എത്രയും പെട്ടെന്ന് ബുള്ളറ്റ് ട്രെയിനിന്‍റെ സര്‍വേ ആരംഭിക്കും.

കരുവന്നൂര്‍ ബാങ്ക് ക്രമക്കേട് ഇടത് കൊള്ളയുടെ ഉദാഹരണമാണെന്ന് മോദി ആരോപിച്ചു. ജനങ്ങളുടെ പണം പരസ്യമായി കൊള്ളയടിച്ചു. കരുവന്നൂർ ഇടത് കൊള്ളയുടെ ഉദാഹരണം. പാവങ്ങൾ, മധ്യവർഗം അധ്യാനിച്ച പണം സിപിഎം കൊള്ള ചെയ്ത് കാലിയാക്കി. പെൺകുട്ടികളുടെ വിവാഹം മുടക്കി. ആയിരങ്ങളുടെ ജീവിതം കുഴപ്പത്തിലായി. പണമിട്ടാൽ പലിശ കിട്ടും അത്യാവശ്യത്തിനെടുക്കാം എന്ന് കരുതിയവരെയാണ് കബളിപ്പിച്ചത്. പലരും നിലവിളിച്ച് കൊണ്ട് സരസുവിനെ വിളിക്കുന്നുവെന്നാണ് കരുവന്നൂര്‍ കൊള്ളയില്‍ ആലത്തൂര്‍ സ്ഥാനാര്‍ത്ഥി തന്നോട് പറഞ്ഞത്.

രാജ്യത്തിന്‍റെ ഭാവി നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പാണിത്. നിങ്ങളുടെ, കുട്ടികളുടെ ഭാവി നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പാണ്. കോൺഗ്രസ് ഭരണകാലത്ത് ലോകത്തിന് മുന്നിൽ ഭാരതം ദുർബല രാജ്യമായിരുന്നു. ഇന്ന് ലോകത്തിന് മുന്നിൽ ശക്തമായ രാജ്യം. യുദ്ധ രംഗത്ത് പെട്ടു പോയവരെ മടക്കിക്കൊണ്ടുവരാൻ ശക്തിയുള്ള രാജ്യമാണിത്. കോവിഡ് വാക്സിൻ സ്വന്തമായി വികസിപ്പിച്ചെടുത്ത രാജ്യമാണിത്. പത്തു കൊല്ലം കണ്ടത് ട്രെയിലർ മാത്രമാണെന്നും ഇനിയാണ് കാണാനിരിക്കുന്നതെന്നും മോദി പറഞ്ഞു.

അഴിമതിക്കാണ് ഇവിടുത്തെ സർക്കാരിന് താത്പര്യം. എന്നെ അനുഗ്രഹിച്ചാൽ ഇവിടെ എല്ലാ വീടുകളിലും വെള്ളമെത്തിക്കും. ഗരീബ് കല്യാൺ അന്നയോജനയിലൂടെ 1 കോടി അമ്പത് ലക്ഷം പേർക്ക് റേഷൻ നൽകുന്ന കേരളത്തിൽ അടുത്ത 5 കൊല്ലം റേഷൻ തുടരും. മത്സ്യ തൊഴിലാളി ക്ലസ്റ്റർ ഉണ്ടാക്കി അവരുടെ ജീവിതം മാറ്റിത്തീർക്കാനുള്ള ശ്രമത്തിലാണ് എന്‍ഡിഎ സർക്കാരെന്നും മോദി പറഞ്ഞു.

സുരേഷ് ഗോപി ഉള്‍പ്പെടെ നാല് മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളും പ്രധാനമന്ത്രിക്കൊപ്പം വേദിയിലുണ്ടായിരുന്നു. പത്മജ വേണുഗോപാല്‍, നടൻ ദേവൻ തുടങ്ങിയവരും സംബന്ധിച്ചു. ആലത്തൂർ മണ്ഡലത്തിലെ കുന്നംകുളത്തെ പരിപാടിക്കുശേഷം ആറ്റിങ്ങൽ മണ്ഡലത്തിലെ കാട്ടാക്കടയിലേക്കാണ് നരേന്ദ്ര മോദി പോകുന്നത്. ജനുവരി മുതൽ ഇത് ഏഴാം തവണയാണ് മോദി കേരളത്തിലെത്തുന്നത്.