കെനിയന്‍ ജയിലില്‍ മൂന്നു വര്‍ഷം ; മോചിതനായ പ്രവീണ്‍ ഒടുവില്‍ നാട്ടിലേക്ക്

ലഹരി വസ്തുക്കള്‍ കടത്തിയെന്ന പേരില്‍ കെനിനിയില്‍ മൂന്നര വര്‍ഷം ജയിലില്‍ കഴിഞ്ഞ പത്തനാപുരം സ്വദേശി പ്രവീണിന് ഒടുവില്‍ മോചനം. ജയില്‍ മോചിതനായ പ്രവീണ്‍ ഇന്ന് നാട്ടില്‍ തിരിച്ചെത്തി. പാക് പൗരന്മാരുടെ ചതിയില്‍പ്പെട്ടാണ് പ്രവീണ്‍ കെനിയന്‍ പൊലീസിന്റെ പിടിയിലാകുന്നത്.

ഇറാനില്‍ കപ്പലില്‍ പരിശീലക വിദ്യാര്‍ത്ഥിയായി ജോലി നോക്കവേ 2014 ജൂലൈലാണ് കെനിയന്‍ നാവികസേന പ്രവീണ്‍ ഉള്‍പ്പടെ 12 പേരെ അറസ്റ്റ് ചെയ്യുന്നത്. കപ്പലില്‍ ലഹരി വസ്തു കടത്തിയെന്നായിരുന്നു കുറ്റം. പ്രവീണിനെ മോചിപ്പിക്കാന്‍ കെനിയയിലെ ഹൈക്കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടതോടെയാണു നാട്ടിലേക്ക് വരാനുള്ള വഴി തെളിഞ്ഞത്. മൊംബാസ കീഴ്‌ക്കോടതിയുടെ വിധി ശരിവച്ചായിരുന്നു ഉത്തരവ്.

കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളും ജനപ്രതിനിധികളും ഉള്‍പ്പെടെ ശക്തമായ ഇടപെടല്‍ നടത്തിയെങ്കിലും കെനിയയിലെ വലിയ ലഹരിവേട്ടയെന്നു വിശേഷിപ്പിച്ച കേസിലെ പ്രതികളെ മോചിപ്പിക്കാന്‍ അവിടുത്തെ സര്‍ക്കാര്‍ തയാറായില്ല. മലയാളി അസോസിയേഷന്‍, പത്തനാപുരം മറൈന്‍ഫോറം, പ്രവാസി മലയാളി അഭിഭാഷകര്‍ എന്നിവര്‍ സംയുക്തമായി നടത്തിയ നിയമ പോരാട്ടമാണു മോചനത്തിലേക്കു വഴിതെളിച്ചത്.