ആയുധം താഴെ വെക്കാന്‍ ഇനിയും സമയമായിട്ടില്ല; തോക്കുകളും വടിവാളുകളും പൂജിച്ച്​ ഹിന്ദുസേനാ നേതാവ് കലാപാഹ്വാനവുമായി പ്രതീഷ്​ വിശ്വനാഥ്

ആയുധ പൂജ ദിനത്തിൽ തോക്കുകളും വടിവാളുകളും പൂജക്ക്​ സമർപ്പിക്കുന്നതിൻെറ ചിത്രത്തോടൊപ്പം കലാപാഹ്വാനവുമായി ഹിന്ദുസേനാ നേതാവ്​ പ്രതീഷ്​ വിശ്വനാഥ്​. ആയുധം താഴെ വെയ്ക്കാന്‍ ഇനിയും സമയമായിട്ടില്ലെന്നും ശത്രു നമുക്കിടയില്‍ പതിയിരിക്കുവോളം ആയുധം ഉപേക്ഷിക്കുന്നത് ആത്മഹത്യാപരമാണെന്നും പ്രതീഷ്​ വിശ്വനാഥ്​ ഫെയ്സ് ബുക്കിൽ കുറിച്ചു. സോഷ്യൽമീഡിയയിലൂടെ നിരന്തരം വിദ്വേഷ പ്രസ്​താവനകളും കലാപാഹ്വാനവും നടത്തുന്ന ഇയാൾ സജീവ സംഘ്​പരിവാർ പ്രവർത്തകനാണ്​.

നിരവധി വടിവാളുകളും തോക്കുകളും റിവോൾവറുകളും മറ്റ്​ മാരകായുധങ്ങളും പൂജിക്കുന്നതിൻെറ ചിത്രങ്ങളാണ്​ ഇന്ന്​ പ്രസിദ്ധീകരിച്ചത്. “”ആയുധം താഴെ വെക്കാന്‍ ഇനിയും സമയമായിട്ടില്ല. ശത്രു നമുക്കിടയില്‍ പതിയിരിക്കുവോളം ആയുധം ഉപേക്ഷിക്കുന്നത് ആത്മഹത്യാപരമാണ്. മറ്റൊരു പാകിസ്ഥാനോ ബംഗ്ലാദേശോ താലിബാനോ അല്ല വരും തലമുറയ്ക്ക് സമ്മാനിക്കേണ്ടതെങ്കില്‍ വിശ്രമത്തിനുള്ള സമയമല്ല ഇത്”” എന്നു തുടങ്ങുന്ന വിദ്വേഷപ്രസ്​താവനയും ഇതോടൊപ്പമുണ്ട്​.

അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് നേതാവായിരുന്ന ഇയാൾ ശബരിമല സംഘര്‍ഷം ഉൾപ്പെടെ നിരവധി അക്രമ, വർഗീയ സംഭവങ്ങളിൽ പ്രതിയാണ്​.
പ്രതീഷിന്റെ ഫേസ്ബക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ആയുധ പൂജ… ഞാനും നിങ്ങളും ഇന്ന് സ്വതന്ത്രരായി ആത്മാഭിമാനത്തോടെ ജീവിക്കുന്നത് ഭവാനി ദേവിക്ക് മുന്നില്‍ ഉടവാള്‍ വെച്ചു വണങ്ങി ശത്രുവിനോട് പോരാടാനുറച്ച് എഴുന്നേറ്റ വീര ശിവജിയുടെയും മറാത്തകളുടെയും വീര്യത്തിന്റെയും ത്യാഗത്തിന്റെയും തണലിലാണ്….

ആയുധം താഴെ വെയ്ക്കാന്‍ ഇനിയും സമയമായിട്ടില്ല… ശത്രു നമുക്കിടയില്‍ പതിയിരിക്കുവോളം ആയുധം ഉപേക്ഷിക്കുന്നത് ആത്മഹത്യാപരമാണ്… മറ്റൊരു പാകിസ്ഥാനോ ബംഗ്ലാദേശോ താലിബാനോ അല്ല വരും തലമുറയ്ക്ക് സമ്മാനിക്കേണ്ടതെങ്കില്‍ വിശ്രമത്തിനുള്ള സമയമല്ല ഇത്….

Read more

ദുര്‍ഗ്ഗാ ദേവി അനുഗ്രഹിക്കട്ടെ…
ജയ് ശിവാജി, ജയ് ഭവാനി…