കമ്മ്യൂണിസ്റ്റു പാര്‍ട്ടി ഭരണഘടനയില്‍ വിശ്വസിക്കുന്നില്ല; സജി ചെറിയാന് വീണ്ടും രാജിവെയ്ക്കേണ്ടി വരുമെന്ന് പ്രകാശ് ജാവദേക്കര്‍

രിത്രത്തില്‍ ആദ്യമായിട്ടാണ് ഭരണഘടനയെ അവഹേളിച്ചതിന് പുറത്ത് പോവേണ്ടി വന്ന ഒരു മന്ത്രിയെ തിരികെ മന്ത്രിസഭയിലേക്ക് കൊണ്ടു വരുന്നതെന്ന് ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവഡേക്കര്‍. കമ്മ്യൂണിസ്റ്റു പാര്‍ട്ടി ഭരണഘടനയില്‍ വിശ്വസിക്കുന്നില്ലെന്നതിന്റെ ഏറ്റവും വലിയ തെളിവാണിതെന്നും തിരുവനന്തപുരത്ത് നടന്ന ബിജെപി ഭരണഘടനാ സംരക്ഷണദിനാചരണം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. സജി ചെറിയാന് വീണ്ടും രാജിവെക്കേണ്ടി വരുമെന്ന് ഉറപ്പാണ്. ഭരണഘടനാ ശില്‍പ്പി ബാബാ സാഹിബ് അംബേദിക്കറിനെ അപമാനിച്ചതിനെ ബിജെപി ശക്തമായി അപലപിക്കുന്നു. സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ചത് രാജ്യം മുഴുവന്‍ കണ്ടതാണ്. എന്നാല്‍ പിണറായി പൊലീസ് അദ്ദേഹത്തിന് ക്ലീന്‍ചിറ്റ് നല്‍കുകയാണ്. പൊലീസിന് എങ്ങനെയാണ് സജി ചെറിയാന്‍ കുറ്റം ചെയ്തില്ലെന്ന് പറയാന്‍ സാധിക്കുന്നത്? ഭരണഘടന സംരക്ഷിക്കാനുള്ള ബിജെപിയുടെ യുദ്ധം തുടരുക തന്നെ ചെയ്യും.

ലോട്ടറി, മദ്യം, മയക്കുമരുന്ന്, ക്രൈം, കള്ളക്കടത്ത് എന്നീ അഞ്ചിന അജണ്ടയാണ് കേരള സര്‍ക്കാരിനുള്ളത്. എല്ലാ മാഫിയകളെയും സംരക്ഷിക്കുന്ന സര്‍ക്കാര്‍ നാടിനെ നശിപ്പിക്കുകയാണ്. തീവ്രവാദശക്തികളെയും വിധ്വംസന ശക്തികളെയും സംരക്ഷിക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളത്. ജനങ്ങള്‍ അവര്‍ക്ക് മാപ്പ് കൊടുക്കില്ലെന്നും പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു.
നിരവധി ജനക്ഷേമ പദ്ധതികളും ആയിരക്കണക്കിന് കോടി രൂപയുടെ ഫണ്ടുമാണ് മോദി സര്‍ക്കാര്‍ കേരളത്തിന് അനുവദിച്ചത്. കേന്ദ്രസര്‍ക്കാര്‍ എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്തു. 28 മാസമായി 148 കിലോ അരിയാണ് കേരളത്തിലെ ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കുന്നത്. സംസ്ഥാനത്ത് 1.52 കോടി ജനങ്ങള്‍ക്കാണ് മോദിയുടെ സൗജന്യ അരി ലഭിക്കുന്നത്. കര്‍ഷകര്‍ക്ക് വര്‍ഷം 6,000 രൂപ നല്‍കുന്നു. മുദ്ര വായ്പ്പയിലൂടെ ജനങ്ങളെ സംരഭകരാക്കി മാറ്റാന്‍ മോദി സര്‍ക്കാരിന് സാധിച്ചു. കര്‍ഷകര്‍ക്ക് രാസവളത്തിനുള്ള സബ്‌സിഡിയും അമ്മമാര്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷനും മോദി നല്‍കുന്നു. 53 ലക്ഷം മലയാളികളാണ് ജന്‍ധന്‍ അക്കൗണ്ട് ആരംഭിച്ചത്.

Read more

എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അഴിമതി മാത്രമാണ് നടത്തുന്നത്. പ്രതിപക്ഷവും ഒട്ടും മോശമല്ല. അഴിമതിയുടെ കാര്യത്തില്‍ രണ്ട് കൂട്ടരും മത്സരിക്കുകയാണ്. നരേന്ദ്രമോദി സര്‍ക്കാരിന്റെ പേരില്‍ കഴിഞ്ഞ 8 വര്‍ഷത്തിനിടെ ഒരു അഴിമതി ആരോപണവും ഉയര്‍ന്നിട്ടില്ലെന്നും പ്രകാശ് ജാവഡേക്കര്‍ ഓര്‍മ്മിപ്പിച്ചു.