പോസ്റ്റല്‍വോട്ട് അട്ടിമറി: നടപടി ഇന്നുണ്ടായേക്കും

പൊലീസിലെ പോസ്റ്റല്‍ വോട്ട് അട്ടിമറിയില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നടപടി ഇന്നുണ്ടായേക്കും. പോസ്റ്റല്‍ വോട്ടില്‍ ക്രമക്കേട് ഉണ്ടായെന്ന് വ്യക്തമാക്കി ഡിജിപി ഇന്നലെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ജനപ്രാതിനിധ്യ നിയമം ലംഘിച്ചതായി സംശയിക്കുന്നതായും കേസെടുത്ത് അന്വേഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ട്.

കര്‍ശന നടപടിയെടുക്കണമെന്ന് ഡിജിപി, ടിക്കാറാം മീണയോട് ആവശ്യപ്പെട്ടതായാണറിയുന്നത്. ഇന്റലിജന്‍സ് എഡിജിപി ടി.കെ വിനോദ് കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

പത്മനാഭസ്വാമിക്ഷേത്രത്തില്‍ ഡ്യൂട്ടിയുള്ള പൊലീസ് കമാന്‍ഡോകള്‍ക്ക് കിട്ടിയ ഒരു സഹപ്രവര്‍ത്തകന്റെ ഓഡിയോ സന്ദേശമാണ് ഈ അന്വേഷണത്തിലേക്ക് നയിച്ചത്. പോസ്റ്റല്‍ വോട്ടു ചെയ്യുന്ന പൊലീസുകാര്‍ക്ക് ഇഷ്ടമുള്ള വിലാസത്തില്‍ ബാലറ്റു പേപ്പര്‍ വരുത്താം. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന പൊലീസുകാരെ സമ്മര്‍ദ്ദം ചെലുത്തി പോലീസ് അസോസിയേഷനിലെ ഇടതു അനുകൂലികള്‍ നിര്‍ദ്ദേശിക്കുന്ന വിലാസത്തിലേക്ക് ബാലറ്റ് അയച്ച് പോസ്റ്റല്‍ വോട്ടുകള്‍ മറിച്ചെന്ന സംശയം ബലപ്പെട്ടത് അന്വേഷണത്തിലേക്ക് എത്തിക്കുകയായിരുന്നു.