പോക്‌സോ കേസില്‍ റിമാന്‍ഡിലുള്ള നടന്‍ ശ്രീജിത്ത് രവി ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍. തൃശ്ശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് നടന്‍ ഹൈക്കോടതിയെ സമീപിച്ചത്. നടന്റെ ജാമ്യാപേക്ഷ കോടതി ഇന്നു തന്നെ പരിഗണിച്ചേക്കുമെന്നാണ് സൂചന.
മാനസിക രോഗത്തിന് ചികിത്സയിലാണെന്നും സ്വഭാവ വൈകൃതത്തിന്റെ ഭാഗമായാണ് സംഭവം ഉണ്ടായതെന്നും ഹര്‍ജിയില്‍ പറയുന്നു. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും ആയതിനാല്‍ ജാമ്യം അനുവദിക്കണമെന്നും ശ്രീജിത്ത് രവി ആവശ്യപ്പെട്ടു.
കുട്ടികള്‍ക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയതിന് നടന്‍ ശ്രീജിത്ത് രവിയെ വ്യാഴാഴ്ച രാവിലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അയ്യന്തോളിലെ എസ് എന്‍ പാര്‍ക്കിനു സമീപം കാര്‍ നിര്‍ത്തി രണ്ട് കുട്ടികളോട് അശ്ലീല ആംഗ്യം കാണിച്ചു എന്നാണ് കേസ്. രണ്ട് ദിവസം മുന്‍പാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതിക്കായി അന്വേഷണം നടത്തുകയായിരുന്നു. സിസിടിവികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ശ്രീജിത്ത് രവിയുടെ വാഹനം പൊലീസ് തിരിച്ചറിഞ്ഞു. ഇതേ തുടര്‍ന്നാണ് അറസ്റ്റ്.
അതേസമയം, ശ്രീജിത്ത് കുട്ടികളെ വീടുവരെ പിന്തുടര്‍ന്നുവെന്നും അതിന് ശേഷമാണ് നഗ്നതാ പ്രദര്‍ശനം നടത്തിയതെന്നും കുട്ടികളുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. വീട്ടുകാര്‍ കണ്ടതിനെ തുടര്‍ന്ന് അയാള്‍ കാറുമായി സ്ഥലം വിടുകയായിരുന്നെന്നും പിതാവ് പറഞ്ഞു.
Read more
നേരത്തെയും സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറിയതിന് ശ്രീജിത്ത് രവി അറസ്റ്റിലായിട്ടുണ്ട്. 2016 ആഗസ്ത് 27നായിരുന്നു സംഭവം. സ്‌കൂളിലേക്ക് സംഘമായി പോകുകയായിരുന്ന പെണ്‍കുട്ടികള്‍ക്കടുത്തെത്തി കാറിന്റെ ഡ്രൈവര്‍ സീറ്റിലിരുന്നു നഗ്‌നത പ്രദര്‍ശിപ്പിക്കുകയും കുട്ടികള്‍ ഉള്‍പ്പെടുന്ന തരത്തില്‍ സെല്‍ഫി എടുക്കുകയും ചെയ്തെന്നായിരുന്നായിരുന്നു പരാതി.







