പ്ലസ്ടു കെമിസ്ട്രി പരീക്ഷ; പുതുക്കിയ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

ഹയര്‍സെക്കന്‍ഡറി കെമിസ്ട്രി പരീക്ഷയുടെ പുതുക്കിയ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു. നാളെ മുതല്‍ മൂല്യനിര്‍ണയം പുനരാരംഭിക്കും. ഉത്തരസൂചികയില്‍ പിഴവ് കണ്ടതിന് പിന്നാലെയായിരുന്നു പുതിയ സൂചിക പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചത്.

പ്ലസ് ടു കെമിസ്ട്രി പരീക്ഷാ മൂല്യനിര്‍ണയം തുടക്കം മുതല്‍ക്കേ വിവാദങ്ങളാണ് സൃഷ്ടിച്ചത്്. തുടര്‍ച്ചയായ ദിവസങ്ങളില്‍ മൂല്യനിര്‍ണയം മുടങ്ങിയതോടെയാണ് സര്‍ക്കാര്‍ ഉത്തരസൂചിക പുനഃപരിശോധിക്കാന്‍ തയ്യാറായത്. ഇതിനായി ഗവേഷണ ബിരുദാനന്തര ബിരുദമുള്ള മൂന്ന് കോളജ് അധ്യാപകരെയും 12 ഹയര്‍സെക്കന്‍ഡറി അധ്യാപകരെയുമാണ് ചുമതലപ്പെടുത്തിയത്.

മൂല്യനിര്‍ണയം ബഹിഷ്‌കരിച്ച അധ്യാപകരെ കടുത്ത ഭാഷയില്‍ വിദ്യാഭ്യാസമന്ത്രി വിമര്‍ശിച്ചിരുന്നു്. വിദ്യാര്‍ഥികളുടെ ഭാവി മറയാക്കി സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനമാണ് ഇക്കൂട്ടര്‍ ചെയ്യുന്നതെന്നായിരുന്നു പരാമര്‍ശം. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താന്‍ പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ് ഐ.എ.എസിനെ ചുമതലപ്പെടുത്തുകയും ചെയ്തു.