ധര്‍മടം മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് പേരെടുത്ത് പറഞ്ഞ് പിണറായി വിജയന്റെ കത്ത്; മണ്ഡലത്തിലെ 2,05,273 വോട്ടര്‍മാരുടേയും പേരുകളില്‍ അച്ചടിച്ച കത്തുകള്‍ വിതരണം ചെയ്തു

ധര്‍മടം മണ്ഡലത്തിലെ ഓരോ വോട്ടര്‍മാരെയും പേരെടുത്ത് അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്. സിപിഎം പ്രവര്‍ത്തകര്‍ ഓരോ വീട്ടിലും മുഖ്യന്ത്രിയുടെ കത്ത് എത്തിച്ചു കഴിഞ്ഞു. ധര്‍മടം മണ്ഡലത്തിലെ 2,05,273 വോട്ടര്‍മാരുടേയും പേരുകളില്‍ അച്ചടിച്ച കത്തുകളാണ് വിതരണം ചെയ്തത്. കത്തിന്റെ അവസാനം ഓരോ വോട്ടറുടേയും പേരും വീട്ടുനമ്പറും വിലാസവും ചേര്‍ത്തിട്ടുണ്ട്.

എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വീടുവീടാന്തരം കയറിയാണ് ധര്‍മ്മടത്ത് കത്ത് നല്‍കുന്നത്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും ലഭിച്ച പിന്തുണയ്ക്ക് നന്ദി പറഞ്ഞ് തുടങ്ങുന്ന കത്തില്‍ മണ്ഡലത്തില്‍ യാഥാര്‍ഥ്യമാക്കിയ വികസന നേട്ടങ്ങളാണ് സിപിഎം പ്രധാനമായും പ്രതിപാദിക്കുന്നത്.

‘പ്രിയപ്പെട്ട… നന്ദിപൂര്‍വം തുടങ്ങട്ടെ… കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും വലിയ പരിഗണനയാണ് നമ്മുടെ മണ്ഡലത്തില്‍നിന്ന് എനിക്ക് ലഭിച്ചത്. അര്‍പ്പിച്ച വിശ്വാസം എന്റെ ഭൂരിപക്ഷത്തില്‍ പ്രതിഫലിക്കുകയും ചെയ്തു. ആ സ്‌നേഹവിശ്വാസങ്ങള്‍ നന്ദി പറഞ്ഞുതീര്‍ക്കാനാവാത്ത കടപ്പാടായി മനസ്സില്‍ സൂക്ഷിക്കുന്ന വ്യക്തിയാണ് ഞാന്‍. എന്റെ പൊതു ജീവിതത്തിലെ ഏറ്റവും വലിയ ശക്തിയാണ് ഈ മണ്ഡലവും ഇവിടുത്തെ ജനസമൂഹവും’ -എന്നിങ്ങനെയാണ് കത്ത് തുടങ്ങുന്നത്.

മുഖ്യമന്ത്രി സംസ്ഥാനം മുഴുവന്‍ പ്രചാരണം നയിക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരാണ് പ്രചാരണം ഏറ്റെടുത്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ മുഖ്യമന്ത്രി വികസന സംവാദം നടത്തിയിരുന്നു. പ്രഖ്യാപനത്തിന് ശേഷം ചുരുക്കം പരിപാടികളിലാണ് പിണറായി വിജയന്‍ പങ്കെടുത്തത്. പത്തുകൊല്ലത്തെ വികസനം പ്രകടമാണെന്നതുതന്നെയാണ് എല്‍.ഡി.എഫിന്റെ ആത്മവിശ്വാസവും. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം പ്രാദേശിക കണ്‍വെന്‍ഷനുകള്‍വരെ പൂര്‍ത്തിയാക്കിയശേഷമാണ് മറ്റിടങ്ങളിലെ പ്രചാരണത്തിനായി മുഖ്യമന്ത്രി മണ്ഡലംവിട്ടത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷം മറികടക്കാനാണ് തങ്ങളുടെ മത്സരമെന്ന് എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ ആവേശംകൊള്ളുന്നു.

വി.പി. അബ്ദുല്‍ റഷീദാണ് യുഡിഎഫ് സ്ഥാനാര്‍ഥി. ബിജെപി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത് ആണ് എന്‍ഡിഎ സ്ഥനാര്‍ഥി. വന്‍ പ്രചാരണമാണ് ബിജെപി ധര്‍മടത്ത് നടത്തുന്നത്. അല്പം വൈകിയാണെത്തിയതെങ്കിലും പെട്ടെന്ന് ട്രാക്കിലെത്തിയെന്നാണ് യു.ഡി.എഫിന്റെ കണക്കുകൂട്ടല്‍. പരമാവധി വോട്ട് സമാഹരിക്കുകയാണ് എന്‍.ഡി.എ.യുടെ ലക്ഷ്യം.

50,123 വോട്ടാണ് 2021-ല്‍ പിണറായിയുടെ ഭൂരിപക്ഷം; 2016-ല്‍ 36,905. മണ്ഡലം നിലവില്‍വന്ന 2011- ല്‍ 15,162 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സി.പി.എമ്മിലെ കെ.കെ. നാരായണന്‍ ജയിച്ചത്. ക്രമാനുഗതമായി ഉയര്‍ന്ന് അരലക്ഷം കടന്ന ഭൂരിപക്ഷം, ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍, അമ്പരപ്പിക്കുംവിധം കുറച്ചുകൊണ്ടുവരാനായതാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. കെ. സുധാകരനും എം.വി. ജയരാജനും മത്സരിച്ച 2024-ലെ തിരഞ്ഞെടുപ്പില്‍ 2616 വോട്ട് മാത്രമാണ് മണ്ഡലത്തില്‍ എല്‍.ഡി.എഫിന് അധികം നേടാനായത്. 2019-ല്‍ ഇത് 4099 ആയിരുന്നു. തദ്ദേശതിരഞ്ഞെടുപ്പില്‍ ഇരുപതിനായിരത്തോളം വോട്ടിന്റെ മേല്‍ക്കൈ ഇടതുമുന്നണിക്കുണ്ട്.