കായംകുളം എംഎല്‍എ യു. പ്രതിഭയ്ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ സംഭവത്തിൽ കായംകുളം മണ്ഡലം യുഡിഎഫ് കണ്‍വീനറും മുസ്ലിം ലീഗ് നേതാവുമായ എ. ഇര്‍ഷാദ് ഖേദം പ്രകടിപ്പിച്ചു. യുഡിഎഫ് മണ്ഡലം കണ്വെന്ഷന് പ്രസംഗത്തിലായിരുന്നു ഇർഷാദിന്റെ വിവാദ പരാമര്‍ശം.
യുഡിഎഫ് സ്ഥാനാർത്ഥി എം. ലിജുവിന്റെ രാഷ്ട്രീയ സംശുദ്ധിയെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് ഇർഷാദ് പ്രതിഭയ്ക്കെതിരെ പരാമർശം നടത്തിയത്. ‘ഒരു ജനപ്രതിനിധി എന്ന നിലയില്‍ അവര്‍ക്ക് ഒന്നുംതന്നെ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല എന്ന പരമമായ യാഥാര്‍ത്ഥ്യം നില്‍ക്കുമ്പോഴാണ് വീണ്ടും അവരുടെ വാക് ചാതുരിയും ശരീര അഴകും വില്‍പ്പനയ്ക്ക് വെച്ചുകൊണ്ട് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോവുകയാണ്’ എന്നാണ് ഇര്‍ഷാദ് പറഞ്ഞത്.
അതേസമയം, തന്റെ പ്രസംഗം തെറ്റായ രീതിയിലാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതെന്ന് ഇർഷാദ് പറഞ്ഞു. തന്റെ വാക്കുകൾ ആർക്കെങ്കിലും വിഷമമുണ്ടാക്കിയെങ്കിൽ അതിൽ നിർവ്യാജം ഖേദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇർഷാദിന്റെ വാക്കുകൾ സ്ത്രീവിരുദ്ധമാണെന്ന് ആരോപിച്ച് സിപിഎം രംഗത്തെത്തിയിരുന്നു.







