"എന്നെയും അരയാക്കണ്ടിയെയും പിണറായി വിജയന്റെ നേതൃത്വത്തില്‍ ആക്രമിച്ചു"

വിജു വി. വി

സമകാലിക മലയാളം പത്രാധിപര്‍ സജി ജെയിംസ് തയ്യാറാക്കി ഒലീവ് ബുക്‌സ് പ്രസിദ്ധീകരിച്ച “ഇടതുപക്ഷം: പാര്‍ട്ടി വന്ന വഴികള്‍” എന്ന പുസ്തകം കുറച്ചുമാസം മുമ്പേതന്നെ വായിച്ചിരുന്നു. കുറച്ച് മുന്‍ധാരണയോടെയാണ് വായനയ്ക്കായി എടുത്തതെങ്കിലും വായിച്ചു തുടങ്ങിയപ്പോള്‍ വ്യത്യസ്തമായ ശൈലിയിലുള്ള പുസ്തകമാണെന്ന് തോന്നി. ഒരു പ്രധാനപ്പെട്ട സവിശേഷതയായി പറയാവുന്നത്, ആളുകളുടെ ഓര്‍മ്മകളിലൂടെയും ജീവചരിത്രത്തിലൂടെയും “ഇടതുപക്ഷ പ്രസ്ഥാന”ത്തിന്റെ വികാസത്തെ കുറിച്ച് പറയുമ്പോള്‍ അതില്‍ സ്ത്രീനേതാക്കളുടെ ജീവിതവും ഉള്‍പ്പെടുത്തി എന്നതാണ്. മാ എന്നറിയപ്പെട്ട മന്ദാകിനി നാരായണന്‍, ജെ.ശാരദാമ്മ, കയ്യൂര്‍ സമരത്തില്‍ പങ്കെടുത്ത ചെമ്മരത്തി എന്നിവരുടെ ഓര്‍മ്മകളും ഇതിലുണ്ട്. പൊതുവെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം ആണുങ്ങളിലൂടെ മാത്രമാണ് പറഞ്ഞു പോകാറ്.

ഈ പുസ്തകത്തിലെ ഇടതുപക്ഷം എന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണി അല്ല എന്ന് മനസ്സിലാകുക അതില്‍ കെ.സി നന്ദനന്റെ ജീവിതവും ഉണ്ട് എന്നറിയുമ്പോഴാണ്. ഞങ്ങളൊക്കെ അറിഞ്ഞു തുടങ്ങുമ്പോഴേക്കും, കെ.സി നന്ദനന്‍ കണ്ണൂരിലെ സി.എം.പി നേതാവായിരുന്നു. സി.എം.പി നേതാക്കളായ എം.വി രാഘവന്റെയും സി.പി മൂസാന്‍കുട്ടിയുടെയും ഒപ്പമുള്ളയാളായിരുന്നു. ആ പാര്‍ട്ടിയുടെ പല യോഗങ്ങളുടെയും പൈലറ്റ് പ്രസംഗം കെ.സി നന്ദനന്റേതായിരിക്കും. അത് പലപ്പോഴും ആവേശത്തേക്കാള്‍ അന്നത്തെ കണ്ണൂര്‍ സാഹചര്യത്തില്‍ ഒരുതരം സംഘര്‍ഷാന്തരീക്ഷമായിരുന്നു ഉണ്ടാക്കിയിരുന്നത്.

Pinarayi held me back, another man wielded sword': Book on Kerala's comrades reveals chilling murder bid

കണ്ണൂരിലെ പല രാഷ്ട്രീയക്കാരെയും പോലെ അക്രമത്തിന്റെ പശ്ചാത്തലത്തിലാണ് കെ.സി നന്ദനന്റെയും രാഷ്ട്രീയ ഓര്‍മ്മകള്‍ തുടങ്ങുന്നത്. കൂത്തുപറമ്പ് ഹൈസ്‌കൂളില്‍ പഠിച്ചു കൊണ്ടിരിക്കെ കോണ്‍ഗ്രസുകാരനായ ഒരധ്യാപകനെ വിദ്യാര്‍ത്ഥികള്‍ തല്ലി. തുടര്‍ന്ന് രണ്ടുവിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റു ചെയ്തു. ഇതിനെതിരെയുള്ള പ്രതിഷേധത്തിലാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്.

പിന്നീട് കെ.എസ്.എഫിലും സി.പി.എമ്മിലും കെ.പി.ആര്‍ ഗോപാലന്റെ വിപ്ലവസംഘത്തിലുമൊക്കെ പ്രവര്‍ത്തിച്ചു. വിഭാഗീയതയുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തായതിന് ശേഷം തനിക്കെതിരെ ഉണ്ടായ രണ്ട് ആക്രമണങ്ങളെ കുറിച്ച് കെ.സി നന്ദനന്‍ ഇതില്‍ പറയുന്നുണ്ട്. ആദ്യത്തേത് എം.വി രാഘവന്‍ സി.പി.എം ജില്ലാ സെക്രട്ടറി ആയിരുന്ന കാലത്താണ്. ഒരു ലോഡ്ജില്‍ സംസാരിച്ചു കൊണ്ടിരിക്കെ, കൂടെയുണ്ടായിരുന്ന ആള്‍, ഒന്നു വീട്ടില്‍ പോയി വരാമെന്ന് പറഞ്ഞ് മാറി. പെട്ടെന്ന് ഒരു സംഘം വന്ന് തന്നെ ആക്രമിച്ചു. പാര്‍ട്ടിക്കെതിരെ നടന്നു പ്രസംഗിക്കാന്‍ ഇനി കാലുകളുണ്ടാകരുതെന്ന് കരുതി കാലിനു നേരെയാണ് അവര്‍ ആക്രമിക്കാന്‍ ശ്രമിച്ചത് എന്ന് നന്ദനന്‍ പറയുന്നു.

രണ്ടാമത്തെ അക്രമത്തെ കുറിച്ചുള്ള വിവരണം ഇങ്ങനെയാണ്: .

“കെ.പി.ആറിനെ സ്വീകരിക്കാനായി തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ കാറുമായി എത്തിയ എന്നെയും അരയാക്കണ്ടിയെയും പിണറായി വിജയന്റെ നേതൃത്വത്തില്‍ ആക്രമിച്ചു. വിജയന്‍, കാറിനകത്ത് ഇരിക്കുകയായിരുന്ന എന്റെ മുടിയില്‍ പിടിച്ചുവലിച്ചു കൊടുത്തു. മറ്റൊരാള്‍ കഴുത്ത് ലക്ഷ്യമാക്കി ആഞ്ഞുവെട്ടി. വെട്ടിയ വാള്‍ തെറിച്ചു പോയി അരയാക്കണ്ടി അച്യുതന്റെ കഴുത്തിലാണ് കൊണ്ടത്. മുറിവുപറ്റി. സംഭവം നടന്നത് രാത്രിയായതു കൊണ്ട് എന്റെ കഴുത്തു പോയി എന്നുപറഞ്ഞ് അവര്‍ ഓടി രക്ഷപ്പെട്ടു.”

പിണറായി ബ്രണ്ണന്‍ കോളജ് വിദ്യാര്‍ത്ഥിയായിരുന്ന കാലത്തെ ഒരോര്‍മ്മ കൂടി നന്ദനന്‍ പങ്കുവെയ്ക്കുന്നുണ്ട്. “കെ.പി.ആറിനൊപ്പം ചേര്‍ന്ന ഞങ്ങള്‍ തലശ്ശേരിയില്‍ ഒരു രഹസ്യയോഗം കുടാന്‍ തീരുമാനിച്ചു. ടി.സി ഉമ്മറിന്റെ വീട്ടിലായിരുന്നു യോഗം. ഞങ്ങള്‍ പത്തുനാല്‍പതാളുണ്ട്. അക്കൂട്ടത്തില്‍ വിജയനുമുണ്ട്. യോഗം വെളുപ്പിനെ മൂന്ന് മണിക്കാണ് അവസാനിപ്പിച്ചത്. യോഗം തീര്‍ന്ന് വീട്ടിലേക്ക് പോകാന്‍ വിജയനെ അന്വേഷിച്ചപ്പോഴാണറിഞ്ഞത് യോഗം തീരും മുമ്പേ അദ്ദേഹം സി.പി.എം ക്യാമ്പില്‍ തിരിച്ചെത്തിയെന്ന്.”

പിന്നീട് രാഘവന്‍ സി.പി.എം വിട്ട് സി.എം.പി ഉണ്ടാക്കിയപ്പോള്‍ നന്ദനനെയും ആ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചു. കുറെക്കാലം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു. 2017-ല്‍ അദ്ദേഹം മരിച്ചു.

ഇന്നു കാണുന്നതു പോലെ സി.പി.എം-കോണ്‍ഗ്രസ്- ആര്‍.എസ്.എസ് തലത്തില്‍ മാത്രമായിരുന്നില്ല കണ്ണൂരില്‍ അക്രമങ്ങള്‍ നടന്നത്. സ്വന്തം പാര്‍ട്ടിയിലുള്ളവരെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ പലപ്പോഴും ഉണ്ടായിരുന്നു. അതിനെക്കുറിച്ചൊക്കെ പലരും ഇപ്പോള്‍ സംസാരിക്കുന്നുണ്ട്.

Read more

(ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസിലെ ഗവേഷകനാണ് ലേഖകൻ)