പേട്ട അനീഷ് കൊലപാതകം; പ്രതി കുറ്റം സമ്മതിച്ചു, മുന്‍വൈരാഗ്യമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

തിരുവനന്തപുരം പേട്ടയില്‍ മകളുടെ സുഹൃത്തായ പത്തൊമ്പതുകാരനെ പിതാവ് കുത്തിക്കൊന്നത് മുന്‍വൈരാഗ്യം മൂലമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. പ്രതിയായ സൈമണ്‍ ലാല്‍ കൊലപാതകം നടത്തണമെന്ന ഉദ്ദേശത്തോടെയാണ് അനീഷിനെ കുത്തിയത് എന്ന് പൊലീസ് പറഞ്ഞു.

മൂത്തമകളും അനീഷും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സൈമണ്‍ ലാലന്‍ കുറ്റം സമ്മതിച്ചു എന്ന് പൊലീസ് പറഞ്ഞു. അനീഷിനെ തടഞ്ഞ് നിര്‍ത്തി നെഞ്ചിലും മുതുകിലും കുത്തി. കുത്താന്‍ ഉപയോഗിച്ച കത്തി വാട്ടര്‍ മീറ്റര്‍ ബോക്സില്‍ ഒളിപ്പിച്ചുവെച്ചു. ഈ കത്തി പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കൊലപാതകം നടന്ന മുറിയില്‍ നിന്ന് ബിയര്‍ കുപ്പികള്‍ കണ്ടെടുത്തതായും റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നു.

അനീഷിനെ കൊലപ്പെടുത്തിയത് കള്ളനാണെന്ന് കരുതിയാണെന്നായിരുന്നു സൈമണ്‍ ലാല്‍ പൊലീസിന് നല്‍കിയ ആദ്യമൊഴി. കൊലപാതകവുമായി ബന്ധപ്പെട്ട് ഫോണ്‍ രേഖകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. കൊലപാതക ദിവസം അനീഷിന്റെ അമ്മയുടെ ഫോണിലേക്ക് പെണ്‍കുട്ടിയുടെ അമ്മയുടെ ഫോണില്‍ നിന്ന് വിളിച്ചെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഫോണ്‍ വന്ന ശേഷമാകാം അനീഷ് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോയതെന്നാണ് അനീഷിന്റെ കുടുംബം ആരോപിച്ചത്. പുലര്‍ച്ചെ 3.20 നാണ് ഈ ഫോണ്‍ കോള്‍ എത്തിയത്. പൊലീസ് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ പ്രകാരം അനീഷിന് കുത്തേല്‍ക്കുന്നത് 3.30ന് ആണെന്നതും ആരോപണങ്ങള്‍ക്ക് ബലം നല്‍കുന്നു.

പേട്ടയിലെ ചാലക്കുടി ലൈനില്‍ ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. കൊലപാതകം നടത്തിയ ശേഷം സൈമണ്‍ ലാല്‍ തന്നെ പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിക്കുകയായിരുന്നു. പുലര്‍ച്ചെ മകളുടെ മുറിയില്‍ നിന്നും സംസാരം കേട്ടപ്പോള്‍ ഇയാള്‍ വാതില്‍ ചവിട്ടി തുറന്നു. മുറിയില്‍ അനീഷിനെ കണ്ട സൈമണ്‍ പ്രകോപിതനായി. ആക്രമിക്കരുതെന്ന ഭാര്യയും രണ്ടു പെണ്‍കുട്ടികളും കരഞ്ഞു പറഞ്ഞു എങ്കിലും അത് കേള്‍ക്കാന്‍ നില്‍ക്കാതെ സൈമണ്‍ലാല്‍ കത്തി കൊണ്ട് അനീഷിനെ ആക്രമിക്കുകയായിരുന്നു എന്നും പേട്ട പൊലീസ് പറയുന്നു.