'ജനങ്ങള്‍ക്ക് തരൂരിനോട് സ്നേഹമുണ്ട്; പിന്തുണയുമായി ജോസഫ് വിഭാഗവും

ശശി തരൂരിന് പിന്തുണയുമായി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും രംഗത്ത്. ശശി തരൂര്‍ യുഡിഎഫിന്റെ പ്രമുഖ നേതവാണെന്നും അദ്ദേഹത്തിന് അതിന്റെ സ്വീകാര്യതയുണ്ടെന്നും ജനങ്ങള്‍ക്ക് തരൂരിനോട് സ്നേഹമുണ്ടെന്നും ജോസഫ് വിഭാഗം നേതാവ് മോന്‍സ് ജോസഫ് പറഞ്ഞു.

തരൂര്‍ കോട്ടയത്ത് എത്തുന്നത് പോസിറ്റീവായ കാര്യമാണ്. അനാവശ്യ വിവാദം ഇക്കാര്യത്തില്‍ ഉണ്ടാക്കേണ്ട ആവശ്യമില്ല. യുഡിഎഫിനെ നല്ല രീതിയില്‍ വി ഡി സതീശന്‍ നയിക്കുന്നുണ്ട്.

സാധാരണയില്‍ നിന്നും വ്യത്യസ്തമായി ഒറ്റക്കെട്ടായാണ് യുഡിഎഫ് മുന്നോട്ട് പോകുന്നത്. ആ ഐക്യം നിലനിര്‍ത്തിയാല്‍ യുഡിഎഫിന് തിരിച്ചുവരാനാകും. ആ ഐക്യത്തിന് ദോഷം വരുന്നത് ആരും ചെയ്യരുതെന്നും മോന്‍സ് ജോസഫ് പറഞ്ഞു.

വിശ്വപൗരനായ തരൂര്‍ പങ്കെടുക്കുന്ന യോഗത്തിലേക്ക് സംഘാടകര്‍ ക്ഷണിച്ചാല്‍ തീര്‍ച്ചയായും പങ്കെടുക്കുമെന്ന് സജി മഞ്ഞക്കടമ്പന്‍ പറഞ്ഞു. ശശി തരൂര്‍ പങ്കെടുക്കുന്ന യോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ആരും വിലക്കിയിട്ടില്ല.

കേരളത്തിലെവിടെയും പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതിന് ഒരു പൗരനെന്ന നിലയില്‍ തന്നെ തരൂരിന് അവകാശമുണ്ട്. അതിനെ ആരും എതിര്‍ക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.