ഞാനിവിടെ ജീവിച്ചിരിപ്പുണ്ട്, മരിച്ചുവെന്ന് സുധാകരനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്; ചെയ്യുന്നത് ശരിയാണോയെന്ന് ചിന്തിക്കണം; ആളുമാറിയുള്ള അനുശോചനത്തില്‍ പിസി ജോര്‍ജ്

സംവിധായകന്‍ കെ.ജി ജോര്‍ജിന്റെ മരണത്തില്‍ ആളുമാറി തനിക്ക് അനുശോചനം അര്‍പ്പിച്ച കെപിസിസി പ്രസിഡന്റ് സുധാകരന് മറുപടിയുമായി മുന്‍ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. താനിവിടെ ജീവിച്ചിരിപ്പുണ്ടെന്നും സുധാകരനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും ഫേയ്സ്ബുക്കിലൂടെ പുറത്തുവിട്ട വീഡിയോയില്‍ പറയുന്നു.

ഞാന്‍ മരിച്ചു എന്ന് സുധാകരനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്. അദ്ദേഹത്തിന്റെ ദുഃഖത്തോടെയുള്ള സംസാരം കേള്‍ക്കാന്‍ ഇടയായി. പള്ളിയില്‍ കുര്‍ബാനക്കിടെ ആളുകള്‍ വിളിച്ച് പറഞ്ഞപ്പോഴാണ് വിവരം അറിഞ്ഞത്. സുധാകരനേപ്പോലെ മാന്യനായ നേതാവിനെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്ന വ്യക്തികള്‍ ചെയ്യുന്നത് ശരിയാണോ എന്ന് ചിന്തിക്കുകയെന്നും വീഡിയോയില്‍ പി.സി. ജോര്‍ജ് പറഞ്ഞു.

കെജി ജോര്‍ജിന്റെ മരണം സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം ചോദിച്ചപ്പോളായിരുന്നു കെ. സുധാകരന് അമളി പറ്റിയത്. നല്ലൊരു പൊതുപ്രവര്‍ത്തകനും രാഷ്ട്രീയനേതാവുമായിരുന്നു അദ്ദേഹം എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടുള്ള സുധാകരന്റെ പ്രതികരണം. ഇത് ഞൊടിയിടകൊണ്ട് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയും വലിയ ട്രോളുകള്‍ക്ക് ഇടയാക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് പ്രതികരണവുമായി പിസി ജോര്‍ജ് രംഗത്ത് എത്തിയത്. തനിക്ക് പറ്റിയ അബദ്ധം മനസിലാക്കിയ കെ. സുധാകരന്‍ പ്രസ്താവന പിന്നീട് തിരുത്തുകയും ചെയ്തുതിരുന്നു.

കെ. സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

”കെ. ജി ജോര്‍ജ് മരണപ്പെട്ടതിനെ പറ്റി ചോദിച്ചപ്പോള്‍ അനുചിതമായ ഒരു പ്രസ്താവന എന്റെ ഭാഗത്തുനിന്നുണ്ടായി. മലയാളത്തിന്റെ അഭിമാനമായ സിനിമാപ്രവര്‍ത്തകന്‍ കെ ജി ജോര്‍ജ് ആണ് നമ്മളോട് വിട പറഞ്ഞതെന്ന് ചോദ്യത്തില്‍ നിന്ന് എനിക്ക് മനസ്സിലായിരുന്നില്ല.
സമാനപേരിലുളള എന്റെ പഴയകാല സഹപ്രവര്‍ത്തകനാണ് മനസ്സില്‍ വന്നത്. ഒരുപാട് രാഷ്ട്രീയ ചോദ്യങ്ങള്‍ക്കിടയില്‍ രാഷ്ട്രീയ മേഖലയ്ക്ക് പുറത്തുനിന്നുള്ള ഒരു ചോദ്യം ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല.
ആരാണ് മരണപ്പെട്ടതെന്ന് മാധ്യമപ്രവര്‍ത്തകര്‍ എന്നോട് കൃത്യമായി പറഞ്ഞില്ല. അവരോട് അത് ചോദിച്ചറിയാതിരുന്നത് എന്റെ ഭാഗത്തുനിന്നു വന്ന വീഴ്ചയായി അംഗീകരിക്കുന്നു.
പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ പാലിക്കേണ്ട ജാഗ്രത ഇക്കാര്യത്തില്‍ ഉണ്ടായില്ല. വീഴ്ചകളില്‍ ന്യായീകരിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് കോണ്‍ഗ്രസിന്റെ സംസ്‌കാരമല്ല. അതുകൊണ്ടുതന്നെ എന്റെ പ്രതികരണത്തിലെ അനൗചിത്യത്തില്‍ എന്റെ പാര്‍ട്ടിയുടെ പ്രിയപ്പെട്ട പ്രവര്‍ത്തകര്‍ക്കും കെ ജി ജോര്‍ജിനെ സ്‌നേഹിക്കുന്നവര്‍ക്കും ഉണ്ടായ മനോവിഷമത്തില്‍ ഞാന്‍ നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നു.
എണ്ണം പറഞ്ഞ കലാസൃഷ്ടികള്‍ കൊണ്ട് മലയാള സിനിമാ ചരിത്രത്തില്‍ തന്റേതായ ഇരിപ്പിടം ഉറപ്പിച്ച കെ ജി ജോര്‍ജിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.”