പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാര്‍ സ്തുതിഗീതം പാടാനല്ല; എം.വി ഗോവിന്ദന്‍

സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാര്‍ കൊണ്ട് ഉദ്ദേശിക്കുന്നത് സ്തുതിഗീതം പാടലല്ല എന്ന് മന്ത്രി എം.വി ഗോവിന്ദന്‍. ആശയ പ്രചരണത്തിനുള്ള ഒരു പൊതുവേദിയാണ് സെമിനാര്‍. എല്ലാവര്‍ക്കും അവരവരുടേതായ അഭിപ്രായങ്ങള്‍ പറയാമെന്നും എം.വി ഗോവിന്ദന്‍ കണ്ണൂരില്‍ പറഞ്ഞു.

സെമിനാറില്‍ പങ്കെടുക്കുന്നവരെല്ലാം ഒരേ അഭിപ്രായം പറയണമെന്നില്ല. ആശയപ്രചരണത്തിന്റെ വേദിയായി സെമിനാറിനെ ഉപയോഗിക്കുക എന്നതാണ് ഏത് രാഷ്ട്രീയ പാര്‍ട്ടിയും ചെയ്യണ്ടത്. സെമിനാറിലേക്ക് വരാന്‍ പാടില്ലെന്ന് പറയുന്നത് അവരുടെ ആശയത്തിന് ബലമില്ലെന്നാണ് അര്‍ത്ഥമാക്കുന്നതെന്നും എം.വി ഗോവിന്ദന്‍ കൂട്ടിച്ചര്‍ത്തു.

പാര്‍ട്ടി കോണ്‍ഗ്രസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുമെന്ന പ്രതീക്ഷയാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പങ്കുവച്ചത്. പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് ശശി തരൂര്‍ നേരിട്ട് അറിയിച്ചിട്ടില്ലെന്നും, എഐസിസി വിലക്കുണ്ടെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചതായും ജയരാജന്‍ വ്യക്തമാക്കി.

സെമിനാറില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോട് കെ.വി തോമസ് അനുമതി തേടിയിട്ടുണ്ട്. ഹൈക്കമാന്‍ഡ് നിലപാട് അറിഞ്ഞശേഷം തീരുമാനം എടുക്കുമെന്ന് കെ വി തോമസ് വ്യക്തമാക്കി. 9ാം തിയതിയാണ് സി.പി.എം സെമിനാര്‍ സംഘടിപ്പിക്കുന്നത്.