പത്മ പുരസ്‌ക്കാരം: പരമേശ്വരനെ ശുപാര്‍ശ ചെയ്തത് പരമേശ്വരന്‍ തന്നെ, പട്ടികയില്‍ കുമ്മനവും

ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്റെ പേര് പത്മ പുരസ്‌ക്കാരത്തിനായി ശൂപാര്‍ശ ചെയ്തത് അദ്ദേഹം തന്നെ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലാണ് പരമേശ്വരന്റെ പേര് നിര്‍ദ്ദേശിച്ചിരിക്കുന്നത് പരമേശ്വരന്‍ തന്നെയാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. കേരള സര്‍ക്കാര്‍ ഔദ്യോഗികമായി നല്‍കിയ പട്ടികയില്‍ പി. പരമേശ്വരന്റെ പേര് ഉണ്ടായിരുന്നില്ല. പിന്നെ അദ്ദേഹത്തിന് എങ്ങനെ പുരസ്‌ക്കാരം ലഭിച്ചുവെന്ന ചോദ്യത്തിനുള്ള ഉത്തരമാണിത്.

തിരുവനന്തപുരം സ്വദേശികളായ കെ എന്ന് പേരുള്ള ഒരാള്‍, തിരുവനന്തപുരത്തുകാരന്‍ തന്നെയായ സുരേഷ്, നോമിനേറ്റഡ് പാര്‍ലമെന്റ് അംഗം റിച്ചാര്‍ഡ് ഹേ എന്നിവരാണ് പരമേശ്വരനെ കൂടാതെ പരമേശ്വരന്റെ പേര് നിര്‍ദ്ദേശിച്ചത്. കോട്ടയത്ത് നിന്നുള്ള അനിരുദ്ധ് ഇന്ദുചൂഢന്‍ എന്നയാള്‍ കുമ്മനം രാജശേഖരന്റെ പേര് പത്മ അവാര്‍ഡിനായി ശിപാര്‍ശ ചെയ്തിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടികയില്‍ നിന്ന് മാര്‍ ക്രിസോസ്റ്റം ഒഴികെയുള്ളവരുടെ പേരുകള്‍ കേന്ദ്രസര്‍ക്കാര്‍ തള്ളിയിരുന്നു. എം.ടി വാസുദേവന്‍ നായര്‍, മമ്മൂട്ടി, മോഹന്‍ലാല്‍, പെരുവനം കുട്ടന്‍മാരാര്‍, സുഗതകുമാരി, കലാമണ്ഡലം ഗോപി, സൂര്യ കൃഷ്ണമൂര്‍ത്തി തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന 42 പേരുടെ പട്ടികയാണ് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചത്. സംസ്ഥാനത്തിന്റെ പട്ടികയില്‍ നിന്ന് ക്രിസോസ്റ്റം ഒഴികെയുള്ളവരെ കേന്ദ്രം തള്ളി. സംസ്ഥാനത്തിന്റെ പട്ടികയില്‍ ഇല്ലാതിരുന്ന ഡോ. എംആര്‍ രാജഗോപാല്‍, ലക്ഷ്മിക്കുട്ടിയമ്മ എന്നിവര്‍ക്ക് കേന്ദ്രം പത്മ അവാര്‍ഡ് നല്‍കുകയും ചെയ്തു. സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍ അധ്യക്ഷനായ സമിതിയാണ് സംസ്ഥാന സര്‍ക്കാരിന്റെ പട്ടിക തയ്യാറാക്കിയത്.