ഗുരുവായൂരില്‍ ആനയുടെ കുത്തേറ്റ് പാപ്പാന്‍ മരിച്ചു; ആക്രമണം വെള്ളം നല്‍കാന്‍ ശ്രമിക്കുന്നതിനിടെ

ഗുരുവായൂര്‍ ആനക്കോട്ടയില്‍ പാപ്പാനെ ആന കുത്തിക്കൊന്നു. കോങ്ങാട് സ്വദേശി ഒആര്‍ രതീഷാണ് ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ബുധനാഴ്ച ഉച്ചയ്ക്ക് 2.30ന് ആയിരുന്നു സംഭവം നടന്നത്. ആനയുടെ രണ്ടാം പാപ്പാനാണ് കൊല്ലപ്പെട്ട രതീഷ്. ആനയ്ക്ക് വെള്ളം നല്‍കാന്‍ ശ്രമിക്കുമ്പോഴായിരുന്നു ആക്രമണം സംഭവിച്ചത്.

വര്‍ഷങ്ങളായി പുറത്തിറക്കാതിരുന്ന ഒറ്റക്കൊമ്പന്‍ ചന്ദ്രശേഖരനാണ് രതീഷിനെ ആക്രമിച്ചത്. ആനക്കോട്ടയിലെ അപകടകാരിയും അക്രമാസക്തനുമായ ആനയാണ് ചന്ദ്രശേഖരന്‍. അടുത്തിടെയാണ് ആനയെ എഴുന്നള്ളിച്ച് തുടങ്ങിയത്. ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ രണ്ടാം പാപ്പാന്‍ രതീഷിനെ ഉടന്‍തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Read more

രതീഷിന്റെ മൃതദേഹം നിലവില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആന ആക്രമണകാരിയായതിനാലാണ് പുറത്തിറക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. ഈ മാസം രണ്ടിന് ക്ഷേത്ര നടയിലേക്ക് ആനയെ കൊണ്ടുവന്നിരുന്നു. ആനയെ വരുതിയിലാക്കി പുറത്തെത്തിച്ച രതീഷ് ഉള്‍പ്പെടെയുള്ള പാപ്പാന്‍മാരെ ആദരിച്ചിരുന്നു.