പാനൂര്‍ ബോംബ് സ്‌ഫോടനം; നാല് പേര്‍ അറസ്റ്റില്‍; ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. സായൂജ്, ഷിബിന്‍ലാല്‍, അരുണ്‍, അതുല്‍ എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. അറസ്റ്റിലായ നാല് പേരും സംഭവ സമയം സ്ഥലത്തുണ്ടായിരുന്നവരാണ്. അറസ്റ്റിലായ അരുണിന്റെ നേതൃത്വത്തിലായിരുന്നു സ്ഫോടനത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

എന്നാല്‍ ബോംബ് സ്ഫോടനവുമായി അരുണിന് എന്തെങ്കിലും ബന്ധമുള്ളതായി പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം നടന്ന സ്ഫോടനത്തില്‍ ഷെറിന്‍ എന്ന സിപിഎം പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്. സ്ഫോടനത്തില്‍ നാലുപേര്‍ക്കാണ് പരിക്കേറ്റത്. മീത്തലെ കുന്നോത്ത്പറമ്പ് സ്വദേശി വിനോദ്, സെന്‍ട്രല്‍ കുന്നോത്ത്പറമ്പ് സ്വദേശി അശ്വന്ത്, വിനീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

വിനീഷിന്റെ പരിക്കുകള്‍ ഗുരുതരമാണ്. ഇയാളുടെ രണ്ട് കൈപ്പത്തികളും ചിന്നിച്ചിതറിപ്പോയി. ഇയാള്‍ കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. പരിക്കേറ്റ വിനോദ് പരിയാരം മെഡിക്കല്‍ കോളജിലും അശ്വന്ത് തലശ്ശേരി സഹകരണ ആശുപത്രിയിലും ചികിത്സയിലാണ്. രണ്ടുപേരുടെയും പരിക്ക് ഗുരുതരമല്ല.

ഇവരുടെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും. അതേസമയം നാലുപേര്‍ക്ക് പരിക്കേറ്റിട്ടും പാനൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ കൊല്ലപ്പെട്ട ഷെറിന്റെയും വിനീഷിന്റെയും പേര് മാത്രമാണുള്ളത്. അശ്വന്തിന്റെയും വിനോദിന്റെയും പേര് എഫ്‌ഐആറില്‍ ഇല്ല. ഇതില്‍ പ്രതിഷേധം ഉയരുന്നുണ്ട്.

വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. പ്രതികള്‍ ബോംബ് നിര്‍മ്മിക്കുമെന്ന് നാല് മാസം മുന്‍പ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നുവെന്നതിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബോംബ് നിര്‍മ്മിച്ചത് ഗുരുതര നിയമലംഘനമാണെന്നും ശക്തമായ നടപടി ഉണ്ടാകുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ പാനൂരില്‍ ഇന്ന് സമാധാന സന്ദേശയാത്ര നടത്തുന്നുണ്ട്. സിപിഎം ആണ് ബോംബ് നിര്‍മാണത്തിന് പിന്നിലെന്നും ബോംബ് ഉണ്ടാക്കി ആക്രമണം നടത്താനും തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുമാണ് സിപിഎം നീക്കമെന്നും യുഡിഎഫ് ആരോപിച്ചു.