രാമനെ പ്രാർത്ഥിക്കുന്നവരെല്ലാം ബിജെപിയല്ലെന്ന് തരൂർ; കോൺഗ്രസ് നേതാക്കൾ ബിജെപി ആർഎസ്എസ് അനുഭാവം കാണിക്കുന്നുവെന്ന് മുഹമ്മദ് റിയാസ്

അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് തന്റെ പോസ്റ്റ് തെറ്റായി വ്യാഖ്യാനിച്ചുവെന്ന് ശശി തരൂർ എംപി. താൻ പോസ്റ്റ് ചെയ്‌ത രാംലല്ലയുടെ ചിത്രം തെറ്റായി വ്യാഖാനിച്ചു.ജയ് ശ്രീറാം എന്നത് രാഷ്ട്രീയ മുദ്രവാക്യമായതിനാൽ മനഃപൂർവം ഉപയോഗിച്ചതാണ്.സിയാറാം എന്ന് എഴുതിയത് മനഃപൂർവം. സ്വന്തം രീതിയിൽ വിശ്വാസത്തെ മുന്നോട്ട് കൊണ്ടുപോകണമെന്നും തരൂർ വിശദീകരിച്ചു.

എന്നാൽ അയോധ്യ ക്ഷേത്രത്തിൽ പോകുമെന്ന് ശശി തരൂർ ആവർത്തിച്ചു. ക്ഷേത്രത്തിൽ പോകുന്നത് പ്രാർഥിക്കാൻ രാഷ്ട്രീയത്തിനല്ലെന്ന് അദ്ദേഹം പറഞ്ഞു. ശ്രീരാമനെ ബിജെപിക്ക് വിട്ടുകൊടുക്കില്ല. രാമനെ പ്രാർഥിക്കുന്നവരെല്ലാം ബിജെപിയുമല്ലെന്നും തരൂർ പറഞ്ഞു. തരൂരിനെ വിമർശിച്ച് മന്ത്രി മുഹമ്മദ് റിയാസ് രംഗത്തെത്തി.

കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ബിജെപി ആർഎസ്എസ് അനുഭാവം കാണിക്കുന്നുണ്ടെന്നും, മതരാഷ്ട്രീയ വാദത്തിന് എതിരായ രാഷ്ട്രീയമാണ് കോൺഗ്രസ് മുന്നോട്ട് വെക്കേണ്ടതെന്നും മന്ത്രി മുഹമ്മദ്‌ റിയാസ് പറഞ്ഞു.ബാബറി മസ്ജിദ് കേവലം ഒരു മുസ്ലിം മതാരാധന കേന്ദ്രം മാത്രം ആയിരുന്നില്ലെന്നും ശശി തരൂരിന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ ബിജെപി ആശയത്തിനുള്ള പിന്തുണയാണെന്നും മന്ത്രി പറഞ്ഞു.

കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും ഫേസ്ബുക്കിൽ പങ്കുവെച്ചത് ബിജെപി ആശയത്തിനുള്ള പിന്തുണയാണ്. ഭരണത്തെ മതവുമായി കൂട്ടിചേർക്കാൻ നോക്കുന്നു എന്നതാണ് പ്രശ്നമെന്നും ഈ രാഷ്ട്രീയത്തോടുള്ള ഐക്ക്യപ്പെടലാണ് കോൺഗ്രസ്സ് നേതാക്കളുടെ പിന്തുണഎന്നും മന്ത്രി മുഹമ്മദ് റിയാസ് വിമർശിച്ചു.

കേരളത്തിൽ ഇപ്പോൾ യുഡിഎഫ് ഭരണമായിരുന്നെങ്കിലും ഒരാഴ്ച ലീവ് കൊടുത്തേനെ. സ്ലീപ്പിങ് ഏജന്റുമാരായി കോൺഗ്രസുകാർ മാറുന്നു. മതനിരപേക്ഷത ഉയർത്തിപ്പിടിക്കാനുള്ള ആർജ്ജവം കോൺഗ്രസിന് ഇല്ലാതെ പോകുന്നുവെന്നും മന്ത്രി കുറ്റപ്പെടുത്തി.