സർക്കാർ ഡയറി ഫാമുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്; അഡ്മിനിസ്ട്രേറ്ററുടെ നിയമപരിഷ്കാരങ്ങൾക്ക് എതിരെ ലക്ഷദ്വീപിൽ വൻപ്രതിഷേധം

ലക്ഷദ്വീപിലെ സർക്കാർ ഡയറി ഫാമുകള്‍ അടച്ചുപൂട്ടാന്‍ മൃഗസംരക്ഷണ ഡയറക്ടറുടെ ഉത്തരവ്. പശുക്കളെ ഈ മാസം 31ഓടെ വിറ്റഴിക്കാന്‍ ഉത്തരവിൽ പറയുന്നു. ഫാമുകൾ അടയ്ക്കുന്നതോടെ ലക്ഷദ്വീപിൽ സർക്കാർ തലത്തിലെ പാല്‍, പാല്‍ ഉല്‍പന്ന വിപണനം നിലയ്ക്കും. ജീവനക്കാർക്ക് ജോലിയും നഷ്ടപ്പെടും. സ്വകാര്യ കമ്പനിക്ക് വഴിയൊരുക്കുന്നതിനാണ് പുതിയ ഉത്തരവെന്നാണ് ആക്ഷേപം.

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നിയമപരിഷ്കാരങ്ങൾക്കെതിരെ കേരളത്തിലും വ്യാപക പ്രതിഷേധമാണുയരുന്നത്. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതും ഗുണ്ടാ ആക്ട് നടപ്പിലാക്കിയതുമടക്കമുള്ള നടപടികൾക്കെതിരെ സാമൂഹികപ്രവർത്തകരടക്കം രംഗത്തെത്തി. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെ തിരിച്ചു വിളിക്കണമെന്ന് ആവശ്യപ്പെട്ട് എളമരം കരീം എംപി രാഷ്ട്രപതിയ്ക്ക് കത്ത് നൽകി. ബിജെപി അജണ്ട നടപ്പാക്കാന്‍ അനുവദിക്കില്ലെന്നാണ് ഇ ടി മുഹമ്മദ് ബഷീര്‍ എംപി ട്വിറ്ററില്‍ പ്രതികരിച്ചത്. വി ടി ബല്‍റാം അടക്കമുള്ളവരും വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. കേന്ദ്ര ഭരണ പ്രദേശമായ ദ്വീപില്‍ ബിജെപി സർക്കാർ നിക്ഷിപ്ത താത്പര്യങ്ങളോട് കൂടിയ ഇടപെടലുകൾ നടത്തുന്നത് ആശങ്കാകരമാണ്. ലക്ഷദ്വീപിനെ മറ്റൊരു കശ്മീരാക്കാനാണോ സംഘ് പരിവാർ ശ്രമം എന്ന് സംശയിക്കേണ്ടതുണ്ടെന്ന് വി ടി ബല്‍റാം ഫെയ്സ്ബുക്കില്‍ കുറിച്ചു.

അധികാരമേറ്റ് അഞ്ച് മാസം പിന്നിടുമ്പോൾ കടലും കടന്നുള്ള പ്രതിഷേധമാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ പട്ടേലിനെതിരെ ഉയരുന്നത്. ഡിസംബറിൽ ദ്വീപുകളുടെ അഡ്മിനിസ്ട്രേറ്ററായി അധികാരമേറ്റത്തിന് പിന്നാലെ പ്രഫുൽ പട്ടേൽ നടപ്പാക്കിയ ഭരണപരിഷ്കാരങ്ങളാണ് സ്വസ്ഥതയും സമാധാനവും നിലനിന്നിരുന്ന ലക്ഷദ്വീപിൽ വൻ പ്രക്ഷോഭത്തിനാണ് വഴിതുറന്നിരിക്കുന്നത്.