സാമ്പത്തിക സംവരണത്തെ എതിർക്കുന്നവരെ വർഗീയവാദികളെന്ന് സവർണ മേധാവിത്വത്തെ പാലൂട്ടുന്നവർ ആക്ഷേപിക്കുന്നു: സത്താർ പന്തലൂർ

 

സംസ്ഥാന സർക്കാർ നടപ്പിലാക്കിയ സാമ്പത്തിക സംവരണത്തെ വിമർശിക്കുന്നവരെയും തങ്ങളുടെ അവകാശങ്ങൾക്കായി സമരം ചെയ്യുന്നവരെയും വർഗീയവാദികളെന്നു വിളിച്ചു ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളാണിവിടെ നടന്നു കൊണ്ടിരിക്കുന്നത് എന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂർ പറഞ്ഞു. മുസ്ലിം സമുദായിക രാഷട്രീയ കക്ഷിയെ “വർഗീയ ചേരിതിരിവ് സൃഷ്ടിക്കുന്നവർ”എന്നാണ് സവർണ മേധാവിത്വത്തെ പാലൂട്ടുന്നവർ ആക്ഷേപിക്കുന്നത് എന്നും സത്താര്‍ പന്തല്ലൂർ തന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

സത്താർ പന്തലൂരിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

വർഗീയ ആരോപണം,
ചിലർക്കൊരു രക്ഷാകവചമാണ്.

മുന്നാക്ക വിഭാഗത്തിന് സാമ്പത്തിക സംവരണം ഏർപ്പെടുത്തിയസർക്കാർ നടപടി, പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങളെ ധ്വംസിക്കുന്ന വിധത്തിലാണെന്ന് കണക്കുകളെല്ലാം സൂചിപ്പിക്കുന്നു. പക്ഷേ, ഇക്കാര്യം ഉറക്കെ പറയുന്നവരെയും തങ്ങളുടെ അവകാശങ്ങൾക്കായി സമരം ചെയ്യുന്നവരെയും വർഗീയ വാദികളെന്നു വിളിച്ചു ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളാണിവിടെ നടന്നു കൊണ്ടിരിക്കുന്നത്. സാമ്പത്തിക സംവരണത്തിൽ തങ്ങളുടെ വിയോജിപ്പ് പ്രകടിപ്പിച്ചതിന്, മുസ്ലിം സമുദായിക രാഷട്രീയ കക്ഷിയെ “വർഗീയ ചേരിതിരിവ് സൃഷ്ടിക്കുന്നവർ”എന്നാണ് സവർണ മേധാവിത്വത്തെ പാലൂട്ടുന്നവർ ആക്ഷേപിക്കുന്നത്. സവർണ ക്രിസ്ത്യാനികളെ പ്രതിനിധാനം ചെയ്യുന്ന സീറോ മലബാർ സഭ മുതൽ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി വരെയുണ്ട് ഈ ഗണത്തിൽ. ഭരണത്തിൻ്റെ താക്കോൽ സ്ഥാനങ്ങളിലെല്ലാം സവർണർ തന്നെയാകണമെന്നു വാശി പിടിക്കുന്ന കോൺഗ്രസ് ഇക്കാര്യത്തിൽ അവരുടെ മുന്നിലുണ്ട്.

സാമൂഹികമായി പിന്നാക്കം നിൽക്കുന്നവർ തങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി ശബ്ദിക്കുമ്പോൾ ദലിത് തീവ്രവാദികൾ എന്നും മുസ് ലിം വർഗീയ വാദികൾ എന്നും ആക്ഷേപിച്ച് അവരെ അടിച്ചൊതുക്കാനുള്ള ശ്രമം കുറേ കാലമായി ഇവിടെ തുടരുന്നു. ഇവിടെത്തെ ഏറ്റവും വലിയ പിന്നാക്ക വിഭാഗമാണ് മുസ് ലിംകൾ. അവരുമായി ബന്ധപ്പെട്ട എല്ലാത്തിനെയും “വർഗീയ”മാക്കി അവതരിപ്പിച്ചാൽ അവരും ബാക്കിയുള്ള പിന്നാക്കക്കാരും നിശബ്ദമാകും എന്ന ധൈര്യത്തിലാണ് ഈ അടവ് നയം തുടരുന്നത്. മുസ്ലിം പെൺകുട്ടിയെ മറ്റുള്ളവർ പ്രണയിച്ചു താലികെട്ടുമ്പോൾ അത് വെറും പ്രണയവും, മറ്റുള്ളവരെ മുസ് ലിം ആൺകുട്ടി പ്രണയിച്ചാൽ തന്നെ അത് “ലൗ ജിഹാദു”മാകുന്ന പ്രക്രിയ ഒരു ഉദാഹരണം. മറ്റുള്ളവർ സിനിമയെടുത്താൽ വെറും സിനിമയും മാപ്പിള പേരുള്ളവൻ സിനിമയിൽ ഇടപെട്ടാൽ “സിനിമ ജിഹാദും” ആകുന്നത് മറ്റൊന്ന്. സംഘ് പരിവാർ പരിശീലന കേന്ദ്രത്തിൽ പഠിച്ചു ഐ.എ. എസ് നേടിയാൽ അത് വെറും ഐ.എ.എസും മുസ് ലിം പേരുള്ളവർക്ക് അതു ലഭിച്ചാൽ “യു.പി.എസ്.സി ജിഹാദും” ആയി പരിണക്കുന്നത് വേറൊന്ന്. ഇത് ഒരു പ്രത്യേക സൂക്കേടാണ്. പതഞ്ഞു പൊങ്ങുന്ന മുസ് ലിംവിരോധത്തിൻ്റെ സൂക്കേട്.

സവർണർക്കിടയിൽ പാവപ്പെട്ടവർ ഉണ്ടെന്നാണ് പറയുന്നത്. നാലു ലക്ഷം വാർഷിക വരുമാനവും രണ്ടര ഏക്കർ ഭൂമിയും ഉള്ളവരാണത്രെ പാവപ്പെട്ടവർ. അതിരിക്കട്ടെ ഈ പാവപ്പെട്ട സവർണർ എത്ര ശതമാനമുണ്ടെന്ന കണക്കൊന്നും സർക്കാരിൻ്റെ വശം ഇല്ല. പക്ഷേ, മൊത്തം മുന്നാക്കക്കാരിൽ പകുതി പേർക്കും സംവരണമുണ്ട്. സംവരണീയർക്ക് കിട്ടേണ്ട സംവരണ അവകാശം പോലും നൽകാതെ, ബാക് ലോഗ് നികത്താതെ, ഓരോ പത്തു വർഷത്തിലും സംവരണ വിഭാഗങ്ങളുടെ പുരോഗതി വിലയിരുത്തി ക്വാട്ട പുനർനിർണയിക്കണമെന്ന കോടതി വിധി അവഗണിച്ചു കൊണ്ടാണ് സർക്കാർ ഇതെല്ലാം കാട്ടിക്കൂട്ടുന്നത്. എന്തിനും ഏതിനും സർക്കാറിനെ വിമർശിക്കുന്ന പ്രതിപക്ഷം ഇക്കാര്യത്തിൽ സർക്കാറിനൊപ്പവും. ഈ വിവേചനത്തിനെതിരെ ശബ്ദിക്കുന്നത് വർഗീയതയാണെങ്കിൽ, ആ വർഗീയതയെ നെഞ്ചേറ്റുകയല്ലാതെ സമുദായത്തിന് മറ്റൊരു വഴിയില്ല. അതുകൊണ്ട് ഈ അവകാശധ്വംസനത്തിനെതിരെ, സംവരണ വിവേചനത്തിനെതിരെ നമുക്ക് പ്രതിഷേധിക്കാം.