കോവിഡ് സര്‍ട്ടിഫിക്കറ്റ് പ്രായോഗികമല്ല; സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് ഉമ്മന്‍ചാണ്ടി

വിദേശത്തു നിന്ന് വരുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണമെന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

എല്ലാവര്‍ക്കും കോവിഡ് പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കാണിക്കണമെന്ന് പറയുന്നത് പ്രായോഗികമല്ല. മനുഷ്യസാദ്ധ്യമല്ലാത്ത വ്യവസ്ഥകള്‍ വെച്ച് പ്രവാസികളെ തടയുന്നത് മനുഷ്യത്വമല്ലെന്നും അദ്ദേഹം പറഞ്ഞു.

വിമാനത്തില്‍ ഒരാള്‍ക്ക് രോഗം ഉണ്ടെങ്കില്‍ എല്ലാവര്‍ക്കും പകരുമെന്ന് ബോധപൂര്‍വ്വം പ്രചരിപ്പിക്കുന്നു. എന്നാല്‍ ഇത്തരത്തില്‍ രോഗം പടര്‍ന്നതിന്റെ കണക്കുകള്‍ വളരെ ചെറുതാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

പ്രവാസികളും നാട്ടില്‍ ഉള്ളവരും തമ്മില്‍ ഭിന്നത ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മുഖ്യമന്ത്രി തുറന്ന മനസ്സ് കാണിക്കണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.